തോരാതെ കണ്ണീർ മഴ
text_fieldsകാറ്റിലും മഴയിലും കാരശ്ശേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കൂടാംപൊയിൽ
സെയ്ത് മോന്റെ വീടിന് മുകളിൽ മരം വീണ നിലയിൽ
മുക്കം: ഇരുവഴിഞ്ഞിപ്പുഴയോരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ മതിലിടിഞ്ഞ് പുഴയിൽ പതിച്ചു. മുക്കം നഗരസഭയിൽ തൃക്കുടമണ്ണ ക്ഷേത്രക്കടവിനു സമീപം നിർമാണപ്രവൃത്തിക്കായി 20 അടിയോളം ഉയരത്തിൽ സ്വകാര്യവ്യക്തി കെട്ടിയ സുരക്ഷ ഭിത്തിയാണ് കനത്ത മഴയിൽ പുഴയിലേക്ക് പതിച്ചത്. കരിങ്കൽെക്കട്ടും മണ്ണും പുഴയിലേക്ക് വീണതിനാൽ വൻ തുകയുടെ നഷ്ടമാണ് ഉണ്ടായത്.
താമരശ്ശേരി: ശക്തമായ മഴയെ തുടർന്ന് തച്ചംപൊയിലിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. നെരോംപാറ ചാലിൽ അബ്ദുൽ റഷീദിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. മഴ ശക്തിപ്രാപിച്ചതോടെ പൂനൂർ പുഴ ചിലയിടങ്ങളിൽ കരകവിഞ്ഞൊഴുകുകയാണ്. പൂനൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ശക്തമായ മഴ തുടർന്നാൽ ചില കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ശക്താമയ മഴയെ തുടർന്ന് ഉൾനാടൻ ഗ്രാമങ്ങളിലെ റോഡുകൾ വെള്ളത്തിലായി. ചില റോഡുകൾ ചളിവെള്ളം കെട്ടിക്കിടന്ന് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്.
കൊടുവള്ളി: ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി നാശനഷ്ടം. നെല്ലാംകണ്ടി, മോഡേൺ ബസാർ എന്നിവിടങ്ങളിലാണ് മരങ്ങൾ പൊട്ടിവീണത്. മോഡേൺ ബസാർ തണ്ണി കുണ്ടുങ്ങൽ യാസറിന്റെ വീടിനു മുകളിലേക്ക് മരങ്ങൾ വീണ് വലിയ നാശനാഷ്ടങ്ങളാണുണ്ടായത്. തെങ്ങ്, കവുങ്ങ്, മഹാഗണി എന്നീ മരങ്ങളാണ് വീടിനു മുകളിൽ പതിച്ചത്. സന്നദ്ധപ്രവർത്തകരെത്തി മരങ്ങൾ മുറിച്ചുനീക്കി. ആർക്കും പരിക്കില്ല. നെല്ലാങ്കണ്ടി-പട്ടിണിക്കര റോഡിൽ വൈദ്യുതി ലൈനിലേക്ക് വീണ തെങ്ങും മുറിച്ചുനീക്കി.
മുക്കം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ചെറുപുഴയിൽ ജലനിരപ്പ് ഉയർന്ന്, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
വല്ലത്തായി കടവിന് സമീപം കോയിലത്തുകണ്ടി സുലൈഖയുടെ കുടുംബത്തെ ബന്ധുവീട്ടിലേക്കും, പഞ്ചായത്ത് ഗ്രൗണ്ടിന് സമീപത്തെ ഷംസുദ്ദീന്റെ കുടുംബത്തെ ലോല അംഗൻവാടിയിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്. മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര, വാർഡ് അംഗം അഷ്റഫ് തച്ചാറമ്പത്ത്, കുമാരനെല്ലൂർ വില്ലേജ് ഓഫിസർ നജ്മുൽ ഹുദ എന്നിവർ സന്ദർശിച്ചു. വല്ലത്തായിപ്പാറ-കാരമൂല റോഡിൽ ചെറുപുഴയുടെ വല്ലത്തായി കടവിൽ വെന്റ് പൈപ്പ് പാലവും അപ്രോച് റോഡും വെള്ളത്തിൽ മുങ്ങി ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. രണ്ടു ദിവസമായി പാലം വെള്ളത്തിനടിയിലാണ്.
നരിക്കുനി: ശക്തമായ കാറ്റിൽ ചെമ്പക്കുന്ന് പുവ്വാടി വയലിൽ തെങ്ങ് കടപുഴകി പന്ത്രണ്ടോളം വൈദ്യുതിത്തൂൺ പൊട്ടി. 27ഓളം സ്ഥലത്ത് ലൈൻ പൊട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

