പാളത്തിൽ മരം വീണ് ഗതാഗതക്കുരുക്ക്: 15 ട്രെയിനുകൾ വൈകി
text_fieldsകോഴിക്കോട്: റെയിൽവേ ലൈനിലും ട്രാക്കിലും മരവും വീടിന്റെ മേൽക്കൂരയും വീണതിനെ തുടർന്ന് കോഴിക്കോട് വഴിയുള്ള 15 ട്രെയിനുകൾ രണ്ട് ദിവസമായി വൈകിയോടുന്നു. തിങ്കളാഴ്ച വൈകിയും ചൊവ്വാഴ്ച രാവിലെയുമാണ് മരങ്ങൾ വീണത്. ചൊവ്വാഴ്ച രാവിലെ പത്തോടെ തടസ്സങ്ങൾ നീക്കി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് തുടങ്ങിയവർ സ്ഥലത്തെത്തി. വിവിധ സ്റ്റേഷനുകളിലടക്കം മണിക്കൂറുകൾ ട്രെയിനുകൾ പിടിച്ചിട്ടു.
തിങ്കളാഴ്ച രാത്രിയുള്ള മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348), തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് (19557), കണ്ണൂർ-യശ്വന്ത്പുർ (16528), കോയമ്പത്തൂർ-ജബൽപുർ സൂപ്പർ ഫാസ്റ്റ് വീക്ക് ലി എക്സ്പ്രസ് (02197), കണ്ണൂർ-ഷൊർണൂർ മെമു (66323), മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12686), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630), വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് മൂന്നുമണിക്കൂറോളം വൈകിയത്.
ചൊവ്വാഴ്ച രാവിലെ കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് (16607), കുർള എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് (16649), നേത്രാവതി എക്സ്പ്രസ് (16345), ചെന്നൈ-എഗ്മോർ എക്സ്പ്രസ് (16160), കണ്ണൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ (06032), പുണെ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22149), വന്ദേഭാരത് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് (16605) തുടങ്ങിയവയും വൈകിയോടി.
ഫറോക്കിനും കല്ലായിക്കുമിടയിൽ പാളത്തിൽ രണ്ട് മണിക്കൂറുകൾക്കുള്ളിൽ രണ്ട് തവണ മരം വീണതോടെയാണ് ഗതാഗതം താളംതെറ്റിയത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ചുഴലിക്കാറ്റിൽ മാത്തോട്ടം ഭാഗത്തെ പാളത്തിൽ മരവും വീടിന്റെ മേൽക്കൂരയും വീണിരുന്നു.
അവിടെ നിന്ന് 400 മീറ്റർ അകലെയാണ് ചൊവ്വാഴ്ച രാവിലെ 7.15ഓടെ മരം വീണത്. ട്രാക്കിലെ വൈദ്യുതി ലൈനും തകർന്നു. വൈകിയ ചില ട്രെയിനുകൾ ഒറ്റലൈൻ പാതയിലൂടെയാണ് ഓടിയത്. നല്ലളം ഡീസൽ വൈദ്യുതി നിലയത്തിന്റെ പിൻവശത്തെ അക്വേഷ്യ, ബദാം മരങ്ങളാണ് പാളത്തിലേക്ക് വീണത്. മീഞ്ചന്ത അഗ്നിരക്ഷസേനയും ബേപ്പൂർ, നല്ലളം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. തിരൂർ, കൊയിലാണ്ടി എന്നിവിടങ്ങളിൽനിന്ന് റെയിൽവേയുടെ പ്രത്യേക സംഘവും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

