താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്; അടിയന്തര പരിഹാരത്തിന് നീക്കം
text_fieldsതാമരശ്ശേരി ചുരത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ വൻ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ചൊവ്വാഴ്ച ഉച്ചക്ക് കലക്ടറുമായി നടത്തിയ ചർച്ചയിലാണ് ദ്രുതഗതിയിലുള്ള നീക്കത്തിന് തീരുമാനം. കഴിഞ്ഞ അവധിദിനങ്ങളിൽ ആഘോഷങ്ങൾക്കായി എത്തിയ വിനോദസഞ്ചാരികളുടെ തിരക്കുമൂലം ചുരത്തിൽ സമീപകാലത്തൊന്നും കാണാത്തവിധമുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
മണിക്കൂറോളമാണ് സ്ത്രീകളും കുട്ടികളും കുടിക്കാൻ വെള്ളംപോലും കിട്ടാതെയും പ്രാഥമികാവശ്യം നിറവേറ്റാൻ കഴിയാതെയും ദുരിതമനുഭവിച്ചത്. വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ രോഗികളുമായി ആശുപത്രികളിലേക്കു പോകുന്ന ആംബുലൻസുകൾ കുരുക്കിലകപ്പെടുന്നത് ഏറെ ആശങ്കക്കിടയാക്കിയ സാഹചര്യത്തിലാണ് ദുരന്തനിവാരണ സമിതി ചെയർമാൻകൂടിയായ കലക്ടറുമായി പഞ്ചായത്ത് അധികൃതർ ചർച്ച നടത്തിയത്.
യാത്രക്കാർ ഏറുന്ന പൊതു അവധി ദിവസങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങൾ കടത്തിവിടുന്നതിൽ നിയന്ത്രണം വേണമെന്നും ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങുമ്പോൾ നീക്കംചെയ്യുന്നതിന് എത്രയും പെട്ടെന്ന് ലഭ്യമാകുംവിധം ക്രെയിൻ സംവിധാനം ഏർപ്പെടുത്തണമെന്നും കലക്ടറുമായുള്ള ചർച്ചയിൽ ആവശ്യമുയർന്നു. അടിവാരത്തുനിന്ന് ക്രെയിൻ കൊണ്ടുവന്നാണ് വാഹനങ്ങൾ നീക്കംചെയ്യുന്നത്. ഇതുമൂലം കുരുക്കഴിക്കാൻ ഏറെ സമയം വേണ്ടിവരുന്നു. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് നിർമിച്ച വാഹനങ്ങൾ കേടാകുമ്പോൾ കമ്പനിയിൽനിന്ന് ആളുകളെത്തിയെങ്കിലേ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയൂ. രണ്ടും മൂന്നും ദിവസംവരെ ഇതിനായി കാത്തിരിക്കേണ്ട ഗതികേടാണ്.
ചുരത്തിൽ പേരിന് പൊലീസ് ഔട്ട്പോസ്റ്റ് ഉണ്ടെങ്കിലും പൊലീസ് സേവനം വളരെ ശോച്യാവസ്ഥയിലാണ്. കൂടുതൽ പൊലീസിനെ അനുവദിക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ചുരത്തിന്റെ വീതികുറഞ്ഞ ആറ്, ഏഴ്, എട്ട് വളവുകളിലാണ് കൂടുതൽ കുരുക്കനുഭവപ്പെടുന്നത്. വീതികൂട്ടുന്നതിന് ഏഴുവർഷമായി സ്ഥലം അനുവദിച്ചിട്ടും പ്രവൃത്തി ആരംഭിക്കാത്തതും കലക്ടറുടെ ശ്രദ്ധയിൽപെടുത്തി. വീതികുറവുള്ള ഭാഗങ്ങളിൽ വലിയ ലോറികൾ കുടുങ്ങുന്നതോടെ സ്തംഭനം മണിക്കൂറുകളോളമാണ്.
ചില ഭാഗങ്ങളിൽ യാത്രക്കാർ വാഹനം പാർക്ക് ചെയ്ത് കാഴ്ചക്കിറങ്ങുന്നതും കുരുക്ക് സങ്കീർണമാക്കുകയാണ്. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്ക് ഏറിയതിനാൽ ഭക്ഷണവും വെള്ളവും ആവശ്യത്തിനുള്ള വാഹന ഇന്ധനവും കരുതണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചിരുന്നു.
ചുരത്തിനു മുകളിൽ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ കഴിഞ്ഞും കുരുക്ക് നീണ്ടിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുൽ നിഷ ഷെരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ മോളി ആന്റോ, ഷംസീർ പോത്താറ്റിൽ, ഒ.എം. റംല എന്നിവർ പങ്കെടുത്തു. ചിപ്പിലിത്തോട്-തളിപ്പുഴ ബൈപാസ് ഉടൻ യാഥാർഥ്യമാക്കണമെന്ന് ചുരം ബൈപാസ് സമിതി ചെയർമാൻ വി.കെ. ഹുസൈൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

