ഒരു രക്ഷയുമില്ല... കുരുക്കിലമർന്ന് മെഡി.കോളജ് റോഡ്
text_fieldsഅരയിടത്തുപാലത്തിന് സമീപം മാവൂർ റോഡിലെ ഗതാഗതക്കുരുക്ക്
കോഴിക്കോട്: മുമ്പെങ്ങുമില്ലാത്ത ഗതാഗതക്കുരുക്കിലമർന്ന് കോഴിക്കോട്-മെഡിക്കൽ കോളജ് റോഡ്. അരയിടത്തുപാലം മുതൽ മെഡിക്കൽ കോളജ് വരെയുള്ള സുപ്രധാന പാത ആംബുലൻസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം ഗതാഗതക്കുരുക്ക് സങ്കീർണമാണ്. സാധാരണ ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമുണ്ടാകാറുള്ള കുരുക്ക് ഇപ്പോൾ പകലും രാത്രിയുമില്ലാതെ തുടരുകയാണ്. പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ മാവൂർ റോഡിൽ പ്രവർത്തനം തുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമായത്.
മാവൂർ, എടവണ്ണപ്പാറ റൂട്ടിലും കുന്ദമംഗലം വഴി മലയോര മേഖലയിലേക്കും വയനാട്ടിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിന് പുറമെയാണ് മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങളും ഇടതടവില്ലാതെ റോഡിലൂടെ കടന്നുപോകുന്നത്. വൺവേ റോഡ് ആയിട്ടും നിരവധി യു ടേണുകളും വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള പ്രവേശന കവാടവുമൊക്കെ ഉള്ളതിനാൽ വാഹനങ്ങൾ മുന്നോട്ട് നീങ്ങാതെ മണിക്കൂറുകളാണ് കുരുക്കിൽ അകപ്പെടുന്നത്.
ഇതിനിടയിലൂടെ കടന്നുപോകാനാവാത്ത ആംബുലൻസുകൾ വൺവേ തെറ്റിച്ചാണ് ഒരുവിധം മുന്നോട്ട് നീങ്ങുന്നത്. ഇത് അപകട സാധ്യതയുണ്ടാക്കുന്നു. സമയക്കുറവ് കാരണം ബസുകൾ ഫുട്പാത്തിലേക്ക് ഇറക്കി മുന്നോട്ട് നീങ്ങാൻ സാഹസപ്പെടുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ഇതിനിടയിൽ വാഹനങ്ങൾ തമ്മിലെ ഉരസലും വാക്കേറ്റവും കൈയാങ്കളിയും വേറെ. പട്ടേരി, കോട്ടൂളി, തൊണ്ടയാട് ജങ്ഷൻവരെയാണ് ഏറ്റവുമധികം യാത്ര പ്രയാസം അനുഭവിക്കുന്നത്.
രാവിലെയും വൈകീട്ടും പ്രസന്റേഷൻ സ്കൂളിന് മുന്നിൽ കുട്ടികളെ ഇറക്കാനും കയറ്റാനും വരുന്ന വാഹനങ്ങൾ റോഡിൽതന്നെ നിർത്തുന്നതും ഗതാഗത സ്തംഭനമുണ്ടാക്കുന്നു. മലാപറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വർധിച്ചതോടെ ചേവായൂർ ജങ്ഷനിലും പുതിയ ബൈപാസ് വഴി ധാരാളം വാഹനങ്ങൾ കയറുന്നതിനാൽ കോവൂർ ജങ്ഷനിലും ഗതാഗത സ്തംഭനം പതിവാണ്. മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് കോഴിക്കോട് നഗരത്തിലേക്കുള്ള യാത്രയും അതീവ ദുഷ്കരമാണ്.
മെഡിക്കൽ കോളജ് റോഡ് വികസനം വർഷങ്ങൾക്കു മുമ്പുള്ള പദ്ധതിയാണെങ്കിലും ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. റോഡ് വീതി കൂട്ടുകയും ചേവായൂർ, കോവൂർ ജങ്ഷനുകളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താൽ മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. അധികൃതരുടെ അതീവ ശ്രദ്ധ റോഡ് വികസനത്തിൽ ഉണ്ടായില്ലെങ്കിൽ മെഡിക്കൽ കോളജിലേക്ക് അടിയന്തര സാഹചര്യത്തിൽ കൊണ്ടുവരുന്ന രോഗികൾ വഴിയിൽ കുരുതി കൊടുക്കപ്പെടുന്ന അവസ്ഥയാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

