മണ്ണാത്തിക്കടവ് തോട്ടിൽ കക്കൂസ് മാലിന്യം തള്ളി; കുളിക്കാനും അലക്കാനുമാവാതെ പ്രദേശവാസികൾ ദുരിതത്തിൽ
text_fieldsനന്മണ്ട ഏഴാം വാർഡിലെ മണ്ണാത്തിക്കടവ് തോട്ടിൽ കക്കൂസ്
മാലിന്യം തള്ളിയ നിലയിൽ
നന്മണ്ട: നന്മണ്ട പഞ്ചായത്ത് ഏഴാം വാർഡിലെ മണ്ണാത്തിക്കടവ് തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ദുർഗന്ധം കാരണം പ്രദേശത്തുകൂടി നടക്കാൻ പറ്റാത്ത അവസ്ഥയിലായതോടെ നാട്ടുകാർ കൂട്ടമായി നടത്തിയ തിരച്ചിലിലാണ് കക്കൂസ് മാലിന്യം തള്ളിയതായി കണ്ടത്. ആരോഗ്യ പ്രവർത്തകരെത്തി അണുനശീകരണം നടത്തി.
പ്രദേശവാസികൾ ആശങ്കയിലാണ്. ടാങ്കർ ലോറി റോഡിൽ നിർത്തി മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുകയായിരുന്നുവെന്ന് സംശയിക്കുന്നു. നേരത്തെ പ്രദേശത്തെ വാര്യത്ത്താഴെ തോട്ടിലും വയലിലും നിരവധി തവണ കക്കൂസ് മാലിന്യം തള്ളിയിരുന്നു.
നാട്ടുകാർ വല കെട്ടി സംരക്ഷണം ഒരുക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് അന്ന് പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ച് ടാങ്കർ വന്ന ചിത്രവും സമയവും സഹിതം പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.
വാഹന നമ്പർ തെളിയുന്നില്ലെന്നായിരുന്നു അന്നത്തെ സംഭവത്തിൽ പൊലീസിന്റെ വിശദീകരണം. നൈറ്റ് പട്രോളിങ് കാര്യക്ഷമമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാർഡ് മെംബർ സീമ തട്ടഞ്ചേരി ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. ഗണേശ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. നന്ദിനി എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

