മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
text_fieldsവടകര അടക്കാത്തെരുവിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
വടകര: സിഗ്നൽ പ്രവർത്തനം നിലച്ച ദേശീയപാത അടക്കാത്തെരു ജങ്ഷനിൽ അപകടം തുടർക്കഥയായി. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് അപകടം.
ദേശീയ പാതയിലൂടെ വരുകയായിരുന്ന കാർ വില്യാപ്പള്ളി ഭാഗത്തുനിന്നും കുറുകെവന്ന ബൈക്കിനെ കണ്ടതോടെ പെട്ടെന്ന് നിർത്തുകയുണ്ടായി. കാറിനു പിറകെവന്ന മയ്യഴി പെട്രോളിയത്തിന്റെ ടാങ്കർ ലോറി കാറിനുപിന്നിൽ ഇടിച്ചു. പിന്നാലെ കാർ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. ബൈക്ക് ഓടിച്ച ചോറോട് സ്വദേശി സഹദിന് (27) പരിക്കേറ്റു. ദേശീയപാതയുടെ പ്രവൃത്തി ആരംഭിച്ചതിനാൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായതോടെ ദേശീയപാതയിലൂടെ വാഹനങ്ങൾ പോകുമ്പോൾ വില്യാപ്പള്ളി ഭാഗത്തുനിന്നും വടകര പഴയ സ്റ്റാൻഡ് റോഡിലേക്കും പുതിയ സ്റ്റാൻഡിൽനിന്ന് വില്യാപ്പള്ളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഒരു നിയന്ത്രണവും ഇല്ലാതെ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. പേരിന് ചിലസമയങ്ങളിൽ ട്രാഫിക് ഡ്യൂട്ടിക്ക് ആളെ നിയമിക്കാറാണ് പതിവ്.
അപകടം ഒഴിവാക്കാൻ നടപടി വേണമെന്ന് നിരന്തരം ആവശ്യമുയരുമ്പോൾ അധികൃതർ അവഗണന തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

