മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി ഭണ്ഡാരകവർച്ച: പ്രതികൾ അറസ്റ്റിൽ
text_fieldsഎലത്തൂർ: മോഷ്ടിച്ച ബൈക്കുകളിൽ രാത്രി കറങ്ങി അമ്പലങ്ങളിൽ ഭണ്ഡാരകവർച്ച നടത്തുന്ന സംഘം അറസ്റ്റിൽ. ചക്കുംകടവ് സ്വദേശികളായ അമ്പലത്താഴം എം.പി ഹൗസിൽ മുഹമ്മദ് ഷിഹാൽ, അമ്പലത്താഴം എം.പി ഹൗസിൽ ഫാസിൽ, കുറ്റിക്കാട്ടൂർ സ്വദേശി കുഴ്മഠത്തിൽ മേത്തൽ മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞദിവസം അന്തർജില്ല വാഹനമോഷണ സംഘത്തിലെ മുഖ്യ ആസൂത്രകനെ ക്രൈം സ്ക്വാഡും കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേകും പിടികൂടിയതിനെ തുടർന്ന് സിറ്റിയിലെ വാഹനമോഷണ സംഘങ്ങളെ ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ചുവരുകയായിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായവർ.
വാട്സ് ആപ്പിൽ വൈറലായ മാറാട് താഴത്തുംകണ്ടി അമ്പലത്തിൽ മോഷണം നടത്തിയത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അമ്പലത്തിൽ കവർച്ച നടത്തുന്നതിനായി പാലോറ മലയിലുള്ള വീടിന്‍റെ മുറ്റത്ത് നിർത്തിയിട്ട പൾസർ എൻ.എസ് 200 മോട്ടോർ സൈക്കിളാണ് മോഷ്ടിച്ചത്.
പ്രതികളിൽനിന്ന് എൻ.എസ് ബൈക്കും കണ്ടെടുത്തു. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലും അമ്പലങ്ങളിൽ മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ആവശ്യം കഴിഞ്ഞാൽ ദേശീയപാതയുടെ അരികിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് മോഷ്ടിച്ച വാഹനങ്ങൾ ഉപേക്ഷിക്കാറ്. ഇഷ്ടപ്പെട്ട വാഹനം തുടർന്നും ഉപയോഗിക്കാൻ ആളുകൾക്ക് സംശയം തോന്നാത്ത വിധം റോഡരികിൽ പാർക്ക് ചെയ്തിടും. എലത്തൂർ സബ് ഇൻസ്പെക്ടർ രാജേഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമ്മന്‍റെ നിർദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡ് നഗരത്തിൽ ഒരുവർഷത്തിനിടെ നടന്ന വാഹനമോഷണങ്ങളിൽ ഊർജിതാന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

