ഹണി ട്രാപ്പിൽപെടുത്തി പണം കവർന്നു; മൂന്നുപേർ പിടിയിൽ
text_fieldsകുന്ദമംഗലം: ഹണി ട്രാപ്പിൽ പെടുത്തി യുവാവിനെ കബളിപ്പിച്ച് പണം കവർന്ന മൂന്നുപേരെ കുന്ദമംഗലം പൊലീസ് പിടികൂടി. ആലപ്പുഴ മാവേലിക്കര ഇടയിൽ വീട്ടിൽ ഗൗരി നന്ദ (20), തിരൂരങ്ങാടി പാണഞ്ചേരി അൻസിന (28), ഇവരുടെ ഭർത്താവ് മുഹമ്മദ് അഫീഫ് (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അഴിഞ്ഞിലം സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.
മടവൂർ കുന്നുമ്മൽ എന്ന സ്ഥലത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്ന ഫോട്ടോ എടുപ്പിച്ച് പണം കവർന്നു എന്നാണ് പരാതി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമം വഴിയാണ് ഗൗരി നന്ദയെ അഴിഞ്ഞിലം സ്വദേശിയായ യുവാവ് പരിചയപ്പെടുന്നത്. ഗൗരി നന്ദയും മറ്റു രണ്ടു പ്രതികളും മുൻ പരിചയം ഉള്ളവർ ആയിരുന്നില്ല. ഇവർ ട്രെയിൻ യാത്രക്കിടയിലാണ് കഴിഞ്ഞ ദിവസം പരിചയപ്പെടുന്നത്.
അതിനിടയിലാണ് മൂവരും ചേർന്ന് ട്രെയിനിൽനിന്ന് യുവാവിനെ കബളിപ്പിച്ച് പണം കവരാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. തുടർന്ന് യുവാവിനെ മൂവരുടെയും ആസൂത്രണ പ്രകാരം മടവൂർ ഉള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി. വീടിനകത്ത് കയറിയ യുവാവിനെ മൂവരും ചേർന്ന് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കിയ ശേഷം ഫോട്ടോയെടുത്തു. ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന ഫോൺ തട്ടിപ്പറിച്ച് പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 1,35,000 രൂപ ഗൂഗ്ൾ പേ വഴി അയച്ചു. ഇതിനു പുറമെ 10,000 രൂപ കൂടി കൈവശപ്പെടുത്തി. കൂടാതെ ബന്ധുക്കൾക്ക് നഗ്ന ഫോട്ടോ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവാവ് കുന്ദമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട്ടുനിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

