മാതൃക സൃഷ്ടിച്ച് മലിനജല സംസ്കരണ പ്ലാന്റ്
text_fieldsകോഴിക്കോട്: മലിനജല സംസ്കരണ പദ്ധതികൾക്കെതിരെ വിമർശനമുയരുമ്പോൾ നഗരത്തിന് മാതൃക തീർത്ത് മലിനജല പ്ലാന്റ്. മെഡിക്കൽ കോളജിലെ മലിനജല സംസ്കരണ പ്ലാന്റാണ് അഞ്ചുകൊല്ലമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്.
ഇടവിട്ട സമയങ്ങളിൽ പ്ലാന്റിലെ മലിനജലം സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തിവരുന്നതായി സീറോ വേസ്റ്റ് മെഡിക്കൽ കോളജ് പദ്ധതി കോഓഡിനേറ്റർ സത്യൻ മായനാട് പറഞ്ഞു. മൊത്തം 20 ലക്ഷം ലിറ്റർ മലിനജലം പ്ലാന്റിൽ സംസ്കരിച്ച് കനോലി കനാലിലേക്ക് തുറന്നുവിടുന്നു. സത്യൻ മായനാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്ലാന്റിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്നത്.
നഗരത്തിൽ ആവിക്കലും കോതിയിലും കോർപറേഷൻ നിർമിക്കുന്ന പ്ലാന്റുകൾക്കെതിരെ ജനരോഷമുയർന്ന് വിവാദമായതോടെ മെഡിക്കൽ കോളജ് പ്ലാന്റ് കാണാൻ നിരവധിപേർ എത്തുന്നതായി അദ്ദേഹം പറഞ്ഞു. എം.ബി.ബി.ആർ എന്ന സങ്കേതിക വിദ്യയിലാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.
ഇതിനേക്കാൾ നൂതനമായ സംവിധാനമാണ് തൊട്ടടുത്ത് അമൃത് പദ്ധതിയിൽ പണി പുരോഗമിക്കുന്ന പ്ലാന്റിനുള്ളത്. കോർപറേഷൻ ആഭിമുഖ്യത്തിൽ നഗരത്തിൽ തുടങ്ങുന്ന പ്ലാന്റിൽ ആദ്യം പണി പൂർത്തിയാവുക മെഡിക്കൽ കോളജിലേതാവുമെന്നാണ് പ്രതീക്ഷ.
മെഡിക്കൽ കോളജ് ഹോസ്റ്റലിനടുത്ത് 20 ലക്ഷം ലിറ്റിറിന്റെയും നഴ്സിങ് കോളജിന് സമീപം 10 ലക്ഷം ലിറ്ററിന്റെയും പ്ലാന്റുകളാണ് നിർമിക്കുന്നത്.
ഇങ്ങനെ മൊത്തം 50 ലക്ഷം ലിറ്റർ വെള്ളം സംസ്കരിക്കാനുള്ള ശ്രമമാണ് മെഡിക്കൽ കോളജ് സീറോ വേസ്റ്റ് പദ്ധതിയിൽ മുന്നോട്ട് പോവുന്നത്. നേരത്തേ പി.കെ. ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്ത പദ്ധതി മലിനീകരണ വെള്ളം തുറന്നുവിടാനുള്ള സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ പ്രവർത്തനം മുടങ്ങുകയായിരുന്നു. ശുദ്ധീകരിച്ച വെള്ളം മാവൂർ റോഡ് വഴി കനോലി കനാലിലെത്തിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നു.
പൈപ്പ് കടന്നുപോവുന്ന മേഖലയിലെല്ലാം നാട്ടുകാരുടെ പ്രതിഷേധമുയർന്നു. നേതാക്കളും ജനപ്രതിനിധികളും പലതവണ ചർച്ചകൾ നടത്തിയും ബോധവത്കരണം നടത്തിയുമാണ പൈപ്പിടൽ പൂർത്തിയായത്. അതിനിടെ വെറുതെകിടന്ന യന്ത്രങ്ങളും മറ്റും നന്നാക്കി 2017ലാണ് പ്ലാന്റ് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയത്. അതിനുശേഷം നഗരത്തിന് മാതൃകയായി പ്രവർത്തിക്കുകയാണ് മെഡിക്കൽ കോളജ് പ്ലാന്റ്. കൂറ്റൻ ടാങ്കുകൾവഴി മലിനജലം തുറന്നുവിട്ടശേഷമാണ് വെള്ളം ശുദ്ധീകരിച്ച് കനോലി കനാലിലെത്തുന്നത്. ബാക്ടീരിയകളുടെ പ്രവർത്തനം അടിസ്ഥാനമാക്കിയുള്ളതാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

