വെള്ളത്തിൽ മുങ്ങി തിരുവമ്പാടി ടൗണിലെ റോഡുകൾ
text_fieldsതിരുവമ്പാടി: തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്തമഴയിൽ ടൗണിലെ ബസ് സ്റ്റാൻഡും തിരുവമ്പാടി-കൂടരഞ്ഞി റോഡും വെള്ളത്തിൽ മുങ്ങി. റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കടകളിൽ വെള്ളം കയറുമെന്ന ആശങ്കയിലായിരുന്നു വ്യാപാരികൾ. ഉച്ചക്ക് ശേഷം മൂന്നരയോടെ തുടങ്ങിയ മഴ അഞ്ചുവരെ ശക്തമായി തുടർന്നു. ടൗൺ പരിസരത്തെ കക്കുണ്ട്-ഇരുവഴിഞ്ഞി പുഴ തോട് വ്യാപകമായി സ്വകാര്യവ്യക്തികൾ കൈയേറിയതോടെയാണ് തിരുവമ്പാടിയിൽ വെള്ളക്കെട്ട് രൂക്ഷമായത്.
നാല് മീറ്റർ വീതിയുണ്ടായിരുന്ന തോട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഒന്നര മീറ്ററായി ചുരുങ്ങിയിരുന്നു. ബസ് സ്റ്റാൻഡിന് പിറകിൽ റീസർവേ 78ൽ ഉൾപ്പെട്ട അഞ്ച് ഏക്കറോളമുള്ള വയൽ - നീർത്തടഭൂമി മണ്ണിട്ട് നികത്തിയതും വെള്ളപ്പൊക്കത്തിന് കാരണമാണ്. വെള്ളക്കെട്ടിന്റെ ദുരിതമനുഭവിക്കുന്നത് വ്യാപാരികളും യാത്രക്കാരുമാണ്. തിരുവമ്പാടി വില്ലേജ് ഓഫിസിന് സമീപം തോട്ടിൽനിന്ന് നിശ്ചിത അകലം പാലിക്കാതെ ബഹുനില കെട്ടിടം നിർമിക്കുന്നത് ഈയിടെ വിവാദമായിരുന്നു.
കെട്ടിടനിർമാണ പ്ലാൻ നിയമാനുസൃതമായതിനാലാണ് കെട്ടിടത്തിന് അനുമതി നൽകിയതെന്നായിരുന്നു ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. 'കക്കുണ്ട് - ഇരുവഴിഞ്ഞി പുഴ തോട് വീണ്ടെടുക്കാൻ കൈകോർക്കാം' എന്ന തലക്കെട്ടിൽ മേയ് ഒമ്പതിന് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തോട് നാല് മീറ്റർ വീതിയിൽ പുനരുദ്ധരിക്കാൻ സർവകക്ഷിയോഗം ചേരണമെന്ന് ആവശ്യവുമുയർന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ബസ് സ്റ്റാൻഡിൽ ഓവുചാൽ നവീകരണപ്രവൃത്തി രണ്ടാഴ്ച മുമ്പ് തുടങ്ങിയിരുന്നു. മഴ തുടങ്ങിയതോടെ പണി നിർത്തിവെച്ചിരിക്കുകയാണ്.