സാമൂഹിക സേവനത്തിൽ പുത്തൻ മാതൃകയായി മുജീബ് റഹ്മാൻ
text_fieldsകൂമ്പാറ പരപ്പൻ മുജീബ് റഹ്മാൻ പുസ്തകം കൈമാറുന്നു
തിരുവമ്പാടി: സേവനരംഗത്ത് വേറിട്ട മാതൃകതീർക്കുകയാണ് കൂമ്പാറയിലെ മത്സ്യക്കച്ചവടക്കാരൻ പരപ്പൻ മുജീബ് റഹ്മാൻ.
മത്സ്യവിൽപനയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൻെറ ഒരുവിഹിതം ദിവസവും മാറ്റിവെക്കുന്ന മുജീബ് റഹ്മാൻ അധ്യയനവർഷാരംഭത്തിൽ ആ തുക പ്രയോജനപ്പെടുത്തും. കഴിഞ്ഞ 11 വർഷത്തിനിടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഇദ്ദേഹം സൗജന്യമായി പഠനോപകരണങ്ങൾ കൈമാറിയത്.
ഈ വർഷം ഒരുലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങളാണ് 350 കുട്ടികൾക്കായി നൽകിയത്. അർഹരായ കുട്ടികളെ കണ്ടെത്താൻ അധ്യാപകരുടെ സഹായംതേടാറുണ്ട്.
തങ്ങളുടെ ക്ലാസിലെ സാമ്പത്തികപ്രയാസം അനുഭവിക്കുന്ന വിദ്യാർഥികളുടെ കാര്യം പല അധ്യാപകരും മുജീബ് റഹ്മാൻെറ ശ്രദ്ധയിൽപെടുത്തും.26 വർഷം മുമ്പാണ് അരീക്കോട് തച്ചണ്ണ സ്വദേശിയായ മുജീബ് റഹ്മാൻ കൂമ്പാറയിൽ മത്സ്യവിൽപന തുടങ്ങിയത്.
തനിക്ക് ഉപജീവനമായി മാറിയ പ്രദേശത്തിന് സാധ്യമായരീതിയിൽ കൈത്താങ്ങാകാൻ ശ്രമിക്കുന്നുവെന്ന് ഈ 48കാരൻ പറയുന്നു.