മൊബൈൽ ഫോൺ മോഷണം: യുവാക്കൾ പിടിയിൽ
text_fieldsതിരുവമ്പാടി: മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. കല്ലുരുട്ടി സ്വദേശി മുഹമ്മദ് അഫ്സൽ, മുത്താലം ഇ.കെ. ജാസിം എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജോലി വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയി മൊബൈൽ ഫോൺ കവരുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തിരുവമ്പാടി വിദേശ മദ്യഷാപ്പിന് അടുത്ത കെട്ടിടത്തിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയുടെ 20,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് പ്രതികൾ കവർന്നത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നത് ഇവരുടെ പതിവ് രീതിയാണത്രെ.
മോഷ്ടിച്ച ഫോണുകൾ വിൽക്കാൻ സഹായിക്കുന്ന ആളുകളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. തിരുവമ്പാടി ഇൻസ്പെക്ടർ ഷജു ജോസഫ്, എസ്.ഐ മധു, സ്വപ്നേഷ്, അനീസ്, സെബാസ്റ്റ്യൻ, ഷിനോജ് കുഞ്ഞൻ, ശ്രീജ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

