തിരുവമ്പാടിയിൽ പൊലീസ് മദ്യവേട്ട തുടരുന്നു; 35 കുപ്പി വിദേശമദ്യവുമായി വിൽപനക്കാരൻ അറസ്റ്റിൽ
text_fieldsതിരുവമ്പാടി: അനധികൃത മദ്യവിൽപനക്കാർക്കെതിരെ പൊലീസ് നടപടി തുടരുന്നു. തിരുവമ്പാടിയിലെ അനധികൃത മദ്യവിൽപനക്കാരനെ കഴിഞ്ഞ ദിവസം 35 കുപ്പി വിദേശ മദ്യവുമായി പിടികൂടി. വേങ്ങോറത്ത് വിജയനെയാണ് (47) തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഒരാഴ്ചക്കിടെ പൊലീസ് പിടികൂടിയ മദ്യവിൽപനക്കാരുടെ എണ്ണം മൂന്നായി. തദ്ദേശ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധന വ്യാപിപ്പിച്ചത്.
മദ്യം വിൽപനക്കായി കടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് വേങ്ങോറത്ത് വിജയൻ തിരുവമ്പാടിയിലെ വീടിനടുത്തുവെച്ച് പിടിയിലായത്. പിടിച്ചെടുത്ത കുപ്പികളിൽ 24 എണ്ണം മാഹി വിദേശ മദ്യം ആണ്. പ്രതി വിജയനെ നേരേത്ത പലതവണ പൊലീസ്, എക്സൈസ് അധികൃതർ മദ്യവുമായി പിടികൂടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവിൽപന കേന്ദ്ര പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐമാരായ എം. നിജീഷ്, കെ. ബേബി മാത്യു, എ.കെ. മനോജ്കുമാർ, സി.പി.ഒമാരായ കെ.എം. അനീസ്, രാജീവൻ, ഷിനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

