ഉദ്യോഗാർഥികളെ കണ്ണികളാക്കി തൊഴിൽ തട്ടിപ്പ്
text_fieldsതിരുവമ്പാടി: റെയിൽവേയിൽ ജോലി നൽകുമെന്ന വാഗ്ദാനക്കെണിയിൽ കുരുങ്ങി നിരവധി ഉദ്യോഗാർഥികൾക്ക് ലക്ഷങ്ങൾ നഷ്ടമായി. രണ്ടര ലക്ഷം രൂപ വരെ തൊഴിലിനായി തട്ടിപ്പ് സംഘം ഈടാക്കിയതായി ഉദ്യോഗാർഥികൾ പരാതിപ്പെട്ടു. പ്രതിമാസം 35000 രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു റിക്രൂട്ടിങ്.
ചില ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം തുടർച്ചയായി ഏഴുമാസം 35000 രൂപ വീതം വേതനം ലഭിച്ചതായി പറയുന്നു. ഗൂഗ്ൾ പേ വഴി ലഭിച്ചിരുന്ന ശമ്പളം ഏഴുമാസത്തിന് ശേഷം നിലച്ചു. വേതനം ലഭിക്കാതെ വന്നതോടെയാണ് തൊഴിൽ തട്ടിപ്പ് ഉദ്യോഗാർഥികൾ തിരിച്ചറിഞ്ഞത്. ജോലിക്കായി അപേക്ഷിച്ചവരുടെ വാട്സ് ആപ് ഗ്രൂപ് തട്ടിപ്പ് സംഘം രൂപവത്കരിച്ചിരുന്നു.
ഇ-മെയിൽ വഴിയാണ് നിയമന കത്ത് നൽകിയിരുന്നതത്രെ. നിയമനം ലഭിച്ചവർ പുതുതായി ഉദ്യോഗാർഥികളെ വലവീശുന്ന രീതിയിലാണ് തട്ടിപ്പ് പുരോഗമിച്ചതെന്നാണ് വിവരം. മലപ്പുറം എടപ്പാൾ സ്വദേശിയായ യുവതിയാണ് തട്ടിപ്പിലെ പ്രധാന കണ്ണിയെന്ന് ഇരകൾ പറഞ്ഞു. തിരുവമ്പാടി, മുക്കം മേഖലയിൽ നിരവധി പേർ തൊഴിൽ തട്ടിപ്പിനിരയായതായാണ് വിവരം. തട്ടിപ്പ് സംഘത്തെ പിടികൂടാൻ പൊലീസ് അന്വേഷണം വേണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.

