മലവെള്ളപ്പാച്ചിൽ; ഉറുമി പുഴയിൽ കുടുങ്ങിയ അഞ്ച് യുവാക്കളെ രക്ഷപ്പെടുത്തി
text_fieldsമലവെള്ളപ്പാച്ചിലിൽ കൂടരഞ്ഞി ഉറുമി പുഴയിൽ കുടുങ്ങിയ യുവാക്കൾ
തിരുവമ്പാടി: കൂടരഞ്ഞി ഉറുമി പുഴയിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ മലപ്പുറം സ്വദേശികളായ അഞ്ച് യുവാക്കളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഉറുമി ചെറുകിട ജലവൈദ്യുതി പദ്ധതി പ്രദേശത്ത് സന്ദർശനത്തിനെത്തി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ ഇഹ്‌സാൻ, ബാഹിർ, അഫ്സൽ, അക്ബർ, മിർസാബ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയെ തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. കരയിലെത്താനാകാതെ പുഴയിലെ പാറകൾക്ക് മുകളിൽ യുവാക്കൾ കുടുങ്ങി. ആറു മണിയോടെ നാട്ടുകാരായ മുസ്തഫ പുന്നക്കൽ, ഹനീഫ കുളിരാമുട്ടി എന്നിവർ പുഴയിലേക്ക് വടം നൽകിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുക്കത്തുനിന്ന് അഗ്നിരക്ഷ സേനയും തിരുവമ്പാടി പൊലീസും സ്ഥലത്തെത്തിയിരുന്നു.
കനത്ത മഴയത്ത് പ്രദേശത്ത് സന്ദർശകർക്ക് വിലക്കുണ്ടെങ്കിലും ഇത് ലംഘിച്ച് ആളുകളെത്തുന്നതാണ് അപകട കാരണമാകുന്നത്. പൂവാറംതോട്, ഉറുമി മേഖലയിൽ ഉച്ചക്ക് തുടങ്ങിയ കനത്ത മഴ രാത്രിയോടെയാണ് ശമിച്ചത്.

