വില്ലേജ് ഓഫിസിന് സമീപം തോട് കൈയേറ്റമെന്ന് പരാതി
text_fieldsതിരുവമ്പാടി വില്ലേജ് ഓഫിസിന് സമീപത്തെ കൈയേറുന്നതായി പരാതിയുയർന്ന തോട്
തിരുവമ്പാടി: തിരുവമ്പാടി- പുല്ലൂരാംപാറ റോഡരികിലെ തോട് കൈയേറി നിർമാണം നടക്കുന്നതായി പരാതി. തിരുവമ്പാടി വില്ലേജ് ഓഫിസ്, ഗ്രാമപഞ്ചായത്ത് ഓഫിസ് എന്നിവക്ക് സമീപമാണ് തോട് കൈയേറി സ്വകാര്യ സ്ഥലമുടമ കരിങ്കൽഭിത്തി കെട്ടുന്നതായി പരാതിയുള്ളത്.
കക്കുണ്ട് നിന്ന് തുടങ്ങി കറ്റ്വാട് അവസാനിക്കുന്ന തോടിന് നാല് മീറ്റർ മുതൽ ആറു മീറ്റർ വരെ വീതിയുണ്ടായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തോട് കൈയേറിയുള്ള ഭിത്തി നിർമാണം പുരോഗമിക്കുമ്പോഴും വില്ലേജ്, ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അതേസമയം, അനധികൃത നിർമാണം ശ്രദ്ധയിൽപെട്ടെന്നും നീർച്ചാലുകൾ കൈയേറുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നിലപാടെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ പറഞ്ഞു. തോടുകളുടെ വീതി സംബന്ധിച്ച റവന്യൂ രേഖകളിലെ അവ്യക്തതകൾ കൈയേറ്റക്കാർക്ക് സഹായകരമാകുന്നതായി അദ്ദേഹം പറഞ്ഞു.

