കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ തെങ്ങു വീണു; ഒഴിവായത് വൻ ദുരന്തം
text_fieldsതിരുവമ്പാടിയിൽനിന്ന് മുത്തപ്പൻ പുഴയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ തെങ്ങ് വീണപ്പോൾ
തിരുവമ്പാടി: കനത്ത മഴയിൽ തിരുവമ്പാടി - പുല്ലൂരാംപാറ റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ തെങ്ങ് വീണു. തെങ്ങ് വൈദ്യുതി ലൈനിൽ തങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിരുവമ്പാടിയിൽനിന്ന് മുത്തപ്പൻ പുഴയിലേക്ക് പോകുകയായിരുന്ന ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ശനിയാഴ്ച സന്ധ്യക്ക് 6.45 ഓടെയാണ് അപകടം. മുക്കത്തുനിന്നെത്തിയ അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തെങ്ങു മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മലയോര മേഖലയിൽ രാത്രി വൈകിയും മഴ തുടരുന്നു. മേഖല ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഇരുവഴിഞ്ഞി പുഴയിൽ ജലവിതാനമുയർന്നു. മലയോരത്ത് പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കയാണ്.

