അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ്: പ്രവൃത്തി ആറാംവർഷവും അനിശ്ചിതത്വത്തിൽ
text_fieldsഅഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിൽ തമ്പലമണ്ണ പാലത്തിന് സമീപത്തെ പ്രവൃത്തി
തിരുവമ്പാടി: ഒന്നരവർഷംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് ആറാം വർഷവും പൂർത്തിയാകില്ലെന്ന് ഉറപ്പായി. റോഡ് പ്രവൃത്തി സംബന്ധിച്ച് അധികൃതർ നൽകിയ ഉറപ്പുകൾ പാഴ്വാക്കായി.
21 കി.മീ. ദൂരമുള്ള റോഡ് പ്രവൃത്തി ഉദ്ഘാടനം 2018 സെപ്റ്റംബറിൽ മന്ത്രി ജി. സുധാകരനായിരുന്നു നിർവഹിച്ചത്. അന്ന് 87 കോടിയുടെ പ്രവൃത്തി ഏറ്റെടുത്തത് നാഥ് കൺസ്ട്രക്ഷൻസ് ആയിരുന്നു. പ്രവൃത്തിയിലെ അലംഭാവം കാരണം നാഥ് കൺസ്ട്രക്ഷനെ കഴിഞ്ഞ വർഷം പൊതുമരാമത്ത് വകുപ്പ് ഒഴിവാക്കിയിരുന്നു.
പാതിവഴിയിലായ റോഡ് പണി ആറുമാസം മുമ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി ഏറ്റെടുത്തെങ്കിലും വീണ്ടും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജൽജീവൻ പദ്ധതിയുടെ ഭീമൻ കുടിവെള്ള പൈപ്പുകൾ റോഡിൽ സ്ഥാപിക്കേണ്ടതിനാൽ റോഡ് പ്രവൃത്തി നിർത്തിവെക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. റോഡുപണി പൂർത്തിയായ ഭാഗങ്ങളിൽ പൈപ്പ് സ്ഥാപിക്കാൻ ടാറിങ് പൊളിക്കേണ്ട സാഹചര്യവുമുണ്ടത്രേ.
റോഡിൽ തമ്പലമണ്ണ മുതൽ കോടഞ്ചേരി വരെയുള്ള ഭാഗം ഇപ്പോഴും പണി എങ്ങുമെത്തിയിട്ടില്ല. ഓവുചാൽ, നടപ്പാത നിർമാണവും പലയിടങ്ങളിലും പൂർത്തിയാക്കാനുണ്ട്. ചില സ്ഥലങ്ങളിൽ പാർശ്വഭിത്തി നിർമാണമാണ് ഇപ്പോൾ പേരിന് നടക്കുന്നത്. അടുത്ത കാലവർഷക്കാലവും ദുരിതയാത്ര തുടരേണ്ടി വരുമെന്ന ആശങ്കയിലാണ് തമ്പലമണ്ണ, മുറമ്പാത്തി, കോടഞ്ചേരി പ്രദേശവാസികൾ. ഇതുവഴിയുള്ള ബസ് സർവിസ് നിലച്ചിട്ട് വർഷങ്ങളായി.
റോഡ് പ്രവൃത്തി സംബന്ധിച്ച അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് മുറമ്പാത്തിയിൽ നാട്ടുകാർ ജനകീയ സമിതി രൂപവത്കരിച്ചു. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. രാജൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. റിയാസ് പുതുപറമ്പിൽ, ലിബിൻ ബേബി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ലിബിൻ ബേബി (ചെയർ.), ജലീൽ പാലയിൽ (കൺ.), സിദ്ദീഖ് കാഞ്ഞിരാടൻ (ട്രഷ.).