പ്രിയ ഗുരുവിനെ തേടി 33 വർഷത്തിന് ശേഷം അവരെത്തി, ഓണ സമ്മാനവുമായി...
text_fieldsകോഴിക്കോട്: പ്രായം 50 കഴിഞ്ഞെങ്കിലും പഴയകാല ഓർമകൾ ചികഞ്ഞെടുത്ത് പ്രിയ ഗുരുവിനെ പരതുകയായിരുന്നു. കാലം 1992, തൃശൂർ ജില്ല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് (ഡയറ്റ്) കേന്ദ്രത്തിലെ അധ്യാപക വിദ്യാർഥികളായിരുന്നു അന്നവർ. അധ്യാപക പരിശീലന കളരിക്ക് നേതൃത്വം നൽകിയ പ്രിയ ലക്ചറർ ജോർജ് ജോസഫ് സാറിനെ 33 വർഷം മുമ്പ് കണ്ട് പിരിഞ്ഞതാണ്. പിന്നീട് നടന്ന പുർവാധ്യാപക-വിദ്യാർഥി സംഗമത്തിലും അദ്ദേഹത്തെ ഇവർക്ക് കാണാനായില്ല. അദ്ദേഹം കാനഡയിലായിരുന്നു.
അപത്രീക്ഷിതമായി തൃശൂർ ഡയറ്റിൽനിന്നു വിരമിച്ച പ്രിൻസിപ്പൾ ഡോ. അബ്ബാസ് അലിയാണ് ജോസഫ് സർ നാട്ടിലുണ്ടെന്ന വിവരം പറയുന്നത്. ഇതു പ്രകാരം അദ്ദേഹവുമായി ബന്ധപ്പെട്ടാണ് പുനസമാഗമം സാധ്യമായത്. പഴയ മക്കൾ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തിന്‍റെ മറുപടി വന്നത് ഇങ്ങനെ; പഠിപ്പിച്ച 'കുട്ടികൾ' കാണണമെന്നു പറയുന്നതിനെക്കാൾ ഒരു അധ്യാപകന് സന്തോഷം തരുന്നത് എന്താണ്? അവരോട് എപ്പോഴാണ് പറ്റുന്നത്, അപ്പോൾ വരാൻ പറയൂ. ഞാനും ഭാര്യയും ഒക്ടോബറിൽ വീണ്ടും കാനഡയിലേക്കു പോകും.
ഈ സന്ദേശം ലഭിച്ചതോടെ 1992-94 ടി.ടി.സി ബാച്ച് കൂട്ടായ്മ ചർച്ച ചെയ്താണ് വെള്ളിയാഴ്ച അദ്ദേഹത്തിന്‍റെ കോഴിക്കോട്ടുള്ള വീട്ടിലെത്തുന്നത്. മൂന്നര പതിറ്റാണ്ട് മുമ്പ് പിരിഞ്ഞ പ്രിയ ഗുരുവിനെ കാണാൻ എത്തിയ പഴയ ശിഷ്യർ, ഇന്ന് കേരളത്തിൻറെ വിവിധ ജില്ലകളിൽ അധ്യാപകരാണെന്നറിഞ്ഞതോടെ അദ്ദേഹത്തിന് ഏറെ സന്തോഷമായി. ഓണസമ്മാനവുമായി വന്ന പഴയ അധ്യാപക വിദ്യാർഥികളെ കണ്ടു പ്രിയ ഗുരുവും പഴയകാല ക്ലാസ് ഓർമകളിലേക്ക് വഴി തുറന്നു. ക്ലാസ് അനുഭവങ്ങൾ പങ്കുവെച്ചും നിലവിലെ ജീവിത സാഹചര്യങ്ങൾ ചർച്ച ചെയ്തും അവർ ഏറെ നേരം ചെലവഴിച്ചു. അന്നത്തെ വിദ്യാർഥി ഡോ. ശ്രീകല ഇന്ന് അതേ ഡയറ്റിലെ ലക്ചററാണെന്നത് ഇരട്ടിമധുരമായി.
പഠിപ്പിച്ച എല്ലാ കുട്ടികൾക്കും സർക്കാർ ജോലിയുണ്ടെന്നും പലരും വിരമിച്ചെന്നും അഞ്ചാറ് വർഷത്തിനിടെ മിക്കവരും വിരമിക്കാറായെന്നും അറിഞ്ഞതോടെ അദ്ദേഹത്തിന് ആശ്ചര്യമായി. തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്കൂളുകളിലെ അധ്യാപകരും പ്രധാനാധ്യാപകരുമാണ് ഇവരിലധികപേരും. കോഴിക്കോട് നിന്നുള്ള ഒ.ടി. ശ്രീനിവാസൻ വയനാട് കൽപറ്റയിലെ കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടാണ്. തൃശ്ശൂരിൽ നിന്നുള്ള പി.കെ. ജയശ്രീയും കാന്തിയും ജി.എസ്.ടി വിഭാഗത്തിൽ ഉദ്യോഗസ്ഥരാണ്. പ്രിയ അധ്യാപകനെ കണ്ട സന്തോഷത്തിലാണ് എല്ലാവരും.
ലത്തീഫ് കൊടിഞ്ഞി, സന്തോഷ് വില്യാപ്പള്ളി, പ്രീത മേനോൻ, കെ.ജി. അജിത, സോജ സി. വിജയൻ, കെ.സി. അനീറ്റ, അജി ജി. നായർ, പി.ടി. ഷൈനി, പി. സുനിത ജോൺ, പി.കെ. മാലിനി, ഡിൽമ ഡേവിസ്, മിനി മോൾ, കെ.എസ്. സജിത, സിന്ധു റാഫേൽ, ജെസിമാണി തുടങ്ങിയവരാണ് സംഗമത്തിന് നേതൃത്വം നൽകിയത്. കോഴിക്കോട് വെള്ളിമാട്കുന്നിലെ സി.എച്ച് ഹൗസിങ് കോളനിയിലെ മുരിയൻകരി വീട്ടിലാണ് ജോസഫ് സാറും ഭാര്യയും താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

