മെഡി. കോളജ് പരിധിക്കുപുറത്ത്; നട്ടംതിരിഞ്ഞ് ജനം
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിനെ മൊബൈൽ കമ്പനികൾ പരിധിക്കു പുറത്തുനിർത്തുന്നത് രോഗികളെയും കൂട്ടിരിപ്പുകാരെയും ആശുപത്രി അധികൃതരെയും വലക്കുന്നു. ആശുപത്രിയിൽനിന്ന് അത്യാവശ്യത്തിന് ആരെയെങ്കിലും വിളിക്കണമെങ്കിൽ നടക്കില്ല. കാൾ കണക്ടാവണമെങ്കിൽ മൊബൈലിൽ തുടരെ വിളിച്ചുകൊണ്ടിരിക്കണം.
വാട്സ് ആപ്പിലൂടെയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ ബന്ധപ്പെടാമെന്ന് കരുതിയാൽ ഇന്റർ നെറ്റ് കണക്ഷനും ലഭിക്കില്ല. കൂട്ടിരിപ്പുകാരുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ആശുപത്രിയിൽ ഇത് വൻപ്രതിസന്ധിക്കിടയാക്കുകയാണ്. മിക്ക രോഗികളുടെയും കൂടെ കൂട്ടിരിപ്പിന് ഒരാൾ മാത്രമാണുണ്ടാവുക.
അത്യാവശ്യത്തിന് മരുന്നോ ഭക്ഷണമോ എത്തിക്കാൻ പുറത്തു നിൽക്കുന്നവരോട് ആവശ്യപ്പെടണമെങ്കിൽ ചുരുങ്ങിയത് 10 മിനിറ്റെങ്കിലും മൊബൈലിൽ ചെലവഴിക്കണം.
നിരവധി തവണ ശ്രമിച്ചാലേ കാൾ ലഭിക്കുകയുള്ളു. അടിയന്തരമായി പുറത്തുനിന്ന് മരുന്ന് എത്തിക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ രോഗികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി വാർഡുകളിലൂടെ നട്ടം തിരിയുന്നത് പതിവുകാഴ്ചയാണ്. പ്രായമായവരെയാണ് ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. കവറേജ് കിട്ടാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും മാത്രമല്ല ആശുപത്രിയുടെ പ്രവർത്തനത്തെവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ആശുപത്രിയുടെ ഓഫിസ് പ്രവർത്തനങ്ങൾ കൂടുതലും ഓൺലൈനായാണ് നടക്കുന്നത്. റേഞ്ച് ലഭിക്കാത്തിനാൽ അത്യാവശ്യത്തിന് ഒരുഫയൽ ഓൺലൈൻ വഴി അയക്കണമെങ്കിൽ നടക്കില്ല. മണിക്കൂറുകൾ കാത്തിരുന്നാലേ ഫയലുകൾ ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്യാൻ കയിയൂ. ഇത് ചികിത്സയെവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
മാത്രമല്ല മെഡിക്കൽ കോളജ് ആശുപത്രിയിൽ ബിൽ അടക്കാൻ യു.പി.ഐ സംവിധാനം ഏർപ്പെടുത്തിയെങ്കിലും കൃത്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തിനാൽ ജനങ്ങൾക്ക് പലപ്പോഴും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പ്രശ്നത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ മൊബൈൽ കമ്പനികൾക്ക് കത്തയച്ചിരുന്നെങ്കിലും നടപടിയൊന്നും എടുത്തിട്ടില്ല. സർക്കാർ ഓൺലൈൻ സേവനങ്ങളെ പ്രോത്സാഹിക്കുമ്പോൾ ദിനം പ്രതി ആയിരക്കണക്കിന് രോഗികൾ എത്തുന്ന സർക്കാർ ആശുപത്രിയിൽ അതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാത്താത്ത് ജനങ്ങളെ വട്ടം കറക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

