ഒന്നരമാസം മുമ്പ് ദുബൈയിൽ കാണാതായ യുവാവിനെക്കുറിച്ച് വിവരമില്ല
text_fieldsഅമൽ സതീഷ്
കൊയിലാണ്ടി: യുവാവിനെ ദുബൈയിൽ കാണാതായിട്ട് ഒന്നര മാസം പിന്നിട്ടു. മൂടാടി പുത്തലത്ത് (അമ്പാടിയിൽ) താമസിക്കുന്ന കോരച്ചൻ കണ്ടി സതീഷിന്റെയും പ്രമീളയുടെയും മകൻ അമൽ സതീഷിനെ (29) ആണ് ഒക്ടോബർ 20 മുതൽ കാണാതായത്. അഭിമുഖ സമയത്ത് പറഞ്ഞതിനെക്കാൾ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ചതിനാൽ മാനസികവും ശാരീരികവുമായി അവശനായിരുന്നു അമൽ സതീഷെന്ന് പിതാവും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാട്ടിലേക്കു തിരിച്ചുവരാൻ ശ്രമം നടത്തുന്നതിനിടെയാണ് കാണാതായത്.
ഒക്ടോബർ 20നുള്ളിൽ നാട്ടിലേക്ക് വിടാമെന്ന് കമ്പനി ഉറപ്പുനൽകിയെങ്കിലും പാസ്പോർട്ട് നൽകിയില്ലെന്ന് അമൽ വീട്ടുകാരെ അറിയിച്ചിരുന്നു. അതിനുശേഷം അമലിലിന്റെ ഫോൺ പ്രവർത്തനരഹിതമായി. പിന്നീട് വിവരമൊന്നുമില്ല. അമലിനെ കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായം പിതാവ് സതീശനും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും അഭ്യർഥിച്ചു. വാർത്ത സമ്മേളനത്തിൽ മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, വാർഡ് മെംബർ എം.കെ. മോഹനൻ, ആർ.പി.കെ രാജീവ്കുമാർ, അഷറഫ് ചിപ്പു എന്നിവർ പങ്കെടുത്തു.