വനിത പൊലീസുകാർ വേണ്ടത്രയില്ല; സ്റ്റേഷനുകളിൽ പ്രതിസന്ധി
text_fieldsകോഴിക്കോട്: നഗരപരിധിയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ആവശ്യത്തിന് വനിതാ പൊലീസുകാരില്ലാത്തത് വലിയ പ്രതിസന്ധിയാകുന്നു. സ്ത്രീകൾ ഇരകളും പരാതിക്കാരുമാകുന്ന കേസുകളുടെ എണ്ണം കൂടിവരുമ്പോഴാണ് സ്റ്റേഷനുകളിൽ വനിതാ പൊലീസുകാരുടെ എണ്ണക്കുറവ് സ്റ്റേഷൻ പ്രവർത്തനത്തെയും അന്വേഷണങ്ങളെയുംവരെ തകിടം മറിക്കുന്നത്. ഫറോക്ക് സ്റ്റേഷനിൽ നിലവിൽ രണ്ട് വനിതാ പൊലീസുകാർ മാത്രമാണുള്ളത്. ഇവരിൽ ഒരാൾ വിവാഹവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി അവധിയിലാണ്. അവശേഷിച്ച ഒരാളാണ് പോക്സോ ഉൾപ്പെടെ കേസുകളിൽ പെൺകുട്ടികളുടെ മൊഴിയെടുക്കാനും വൈദ്യപരിശോധനക്കടക്കം കൊണ്ടുപോകാനുമെല്ലാമുള്ളത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഫറോക്കിൽ രജിസ്റ്റർ ചെയ്ത ഇത്തരം എഫ്.ഐ.ആറുകളിൽ നല്ലളം, ബേപ്പൂർ, ഫറോക്ക് അസി. കമീഷണർ ഓഫിസ് അടക്കമുള്ളയിടങ്ങളിൽനിന്ന് വനിത പൊലീസുകാരെ നിയോഗിച്ചാണ് കേസിന്റെ നടപടികൾ പൂർത്തിയാക്കിയത്. സ്റ്റേഷനിൽ ചുരുങ്ങിയത് ഏഴു വനിതാ പൊലീസുകാരെങ്കിലും വേണമെന്നാണ് സേനാംഗങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. സമാന അവസ്ഥയാണ് നഗരപരിധിയിലെ മറ്റു പല സ്റ്റേഷനുകളിലും. പലപ്പോഴും മറ്റു സ്റ്റേഷനിലുള്ളവർക്ക് ഡ്യൂട്ടി മാറ്റം നൽകിയാണ് പ്രശ്നം പരിഹരിക്കുന്നത്. ലോക്കൽ സ്റ്റേഷനുകളിലേക്ക് നിയോഗിക്കുന്ന വനിതാ പൊലീസുകാർ വിവിധ കാരണങ്ങൾ പറഞ്ഞ മറ്റ് വിങ്ങുകളിലേക്കടക്കം പോകുന്നതാണ് ആൾക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പിങ്ക് പട്രോൾ, വനിത സെൽ, വനിത സ്റ്റേഷൻ എന്നിവിടങ്ങളിൽ ആവശ്യത്തിന് വനിതാ പൊലീസുകാരുണ്ടെന്നും മറ്റിടങ്ങളിലേതിന് സമാനമായത്ര കേസുകൾ ഇവിടെയില്ല എന്നതിനാൽ പൊലീസുകാരെ ഇവിടങ്ങളിൽനിന്ന് പുനർവിന്യസിക്കണമെന്നും ആവശ്യമുണ്ട്. ലോക്കൽ സ്റ്റേഷനുകളിൽ ആവശ്യത്തിന് വനിതാ പൊലീസുകാരില്ലാത്തത് ചൂണ്ടിക്കാട്ടി സ്പെഷൽ ബ്രാഞ്ച് കണക്കെടുപ്പ് നടത്തി സിറ്റി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

