ഇതാണ് മക്കളേ, അങ്കർക്കയും മത്താപ്പും; കിസ്സ പറഞ്ഞ് തെക്കേപ്പുറത്തുകാർ
text_fieldsസിയസ്കോ വനിതവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ‘തെക്കേപ്പുറം കിസ്സ’ പരിപാടിയിൽ മുസ്ലിം തറവാടുകളിലെ പാരമ്പര്യവേഷമണിയുന്ന മുതിർന്ന സ്ത്രീകളെ ആദരിക്കൽ ചടങ്ങിനിടയിൽ ഉമ്മമാരോട് സൗഹൃദം പങ്കിടുന്ന കേരള വനിത കമീഷൻ ചെയർപേഴ്സൻ
പി. സതീദേവി.
കോഴിക്കോട്: ബറാമി വീടിന്റെ മട്ടുപ്പാവിൽ തോഴിമാർ വട്ടമിട്ടിരുന്ന് പാട്ടുപാടി പുതുനാരിയുടെ കൈയിൽ മൈലാഞ്ചി ചാർത്തി. കസവു മത്താപ്പുവിൽ പുതുനാരിയെ ഒരുക്കി.
അങ്കർക്കയും തൊപ്പിയും ഷൂസും ധരിച്ചുള്ള പുതിയാപ്പിളയും വന്ന് ‘കല്യാണം’ കേമമാക്കിയപ്പോൾ തെക്കേപ്പുറത്തെ പുതുതലമുറ അതിശയംകൂറി. സിയസ്കോ വനിതവേദിയുടെ സഹകരണത്തോടെ കുണ്ടുങ്ങൽ ബറാമി ഓഡിറ്റോറിയത്തിൽ നടത്തിയ തെക്കേപ്പുറം കിസ്സ കുടുംബസംഗമമാണ് അരനൂറ്റാണ്ട് മുമ്പത്തെ മുസ്ലിം തറവാടുകളിൽ നടന്ന കല്യാണത്തിന്റെ ഗൃഹാതുര കാഴ്ചകൾക്ക് വേദിയായത്.
താലത്തിൽനിന്ന് വെറ്റിലക്കെട്ടെടുത്ത് കൊടുത്ത് അതിഥികളെ വരവേറ്റു. കാച്ചിത്തുണിയും കസവുതട്ടവും തന്തുറിക്കിയും കുമ്മത്തും മണിക്കാതിലുമിട്ട് സ്ത്രീകളും കുപ്പായവും തൊപ്പിയുമിട്ട് കാരണവന്മാരും അണിനിരന്നതോടെ അറബ്ചുവയുള്ള കുറ്റിച്ചിറയുടെ പഴയകാല പ്രതാപത്തിലേക്കുള്ള ഒരെത്തിനോട്ടംകൂടിയായി തേക്കേപ്പുറം കിസ്സ. ഉദ്ഘാടനം ചെയ്യാനെത്തിയ മേയർ ഡോ. ബീന ഫിലിപ്പും മൈലാഞ്ചി കല്യാണത്തിൽ പങ്കാളിയായി.
മാസറപ്പലകയും സുപ്രയും വിരിച്ച് ബിരിയാണി വിളമ്പി ഒന്നിച്ചിരുന്ന് ഭക്ഷണത്തോടൊപ്പം സ്നേഹംകൂടി പങ്കുവെച്ചതോടെ കാരണവന്മാർ തങ്ങളുടെ കുട്ടിക്കാലത്തേക്കു മടങ്ങി. തെക്കേപ്പുറത്തിന്റെ ചരിത്രം രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഴയ തലമുറ, പുതുതലമുറക്കു മുന്നിൽ കിസ്സ പറയാനിരുന്നത്. സിയസ്കോ പ്രസിഡന്റ് എൻജിനീയർ പി. മമ്മത് അധ്യക്ഷത വഹിച്ചു.
മുൻ പ്രസിഡന്റ് സി.എ. ഉമ്മർകോയ ഡോക്യുമെന്ററി ചിത്രീകരണം സ്വിച്ച്ഓൺ ചെയ്തു. ഉച്ചക്കുശേഷം നടന്ന പഴയ കാല അനുഭവങ്ങൾ പങ്കുവെക്കൽ ചടങ്ങിന് (കിസ്സപറയൽ) സിയസ്കോ മുൻ പ്രസിഡന്റ് പി.ടി. മുഹമ്മദലി തുടക്കമിട്ടു.
പത്തോളം പേർ അനുഭവം പങ്കുവെച്ചു. മുസ്ലിം തറവാടുകളിലെ മുതിർന്ന സ്ത്രീകളുടെ പാരമ്പര്യവേഷമായ കാച്ചിയും തട്ടവും പെൺക്കുപ്പായവും ധരിക്കുന്ന 58 പേരെ ആദരിച്ചു. സമാപനം വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലിടം നേടിയ തെക്കേപ്പുറത്തുകാരുടെ വിളിക്കാരിത്തി കയ്ച്ചുമ്മക്ക് സി.ബി.വി. സിദ്ദീഖ് ഉപഹാരം നൽകി. വിവിധ മത്സരങ്ങളും പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഒപ്പനയും പരിപാടിക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

