മോഷണം: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടയാളടക്കം മൂന്നുപേർ റിമാൻഡിൽ
text_fieldsമുഹമ്മദ് ഷിഹാൽ, അക്ഷയ് കുമാർ, മുഹമ്മദ് തായിഫ്
കോഴിക്കോട്: ജില്ലയിൽ നിരവധി മോഷണം നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. ചക്കുംകടവ് അമ്പലത്തുതാഴം എൻ.പി ഹൗസിൽ മുഹമ്മദ് ഷിഹാൽ (20), ഗുരുവായൂരപ്പൻ കോളജ് എടക്കാട് പറമ്പ് മീത്തൽ അക്ഷയ് കുമാർ (20), കുറ്റിക്കാട്ടൂർ കിളിമഠത്തിൽ മീത്തൽ മുഹമ്മദ് തായിഫ് (21) എന്നിവരെയാണ് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റുചെയ്തത്.
ഇവരെ കോടതി റിമാൻഡ് ചെയ്തു. തായിഫിനെതിരെ 29 കേസുണ്ടെന്നും ഇയാൾക്കെതിരെ കാപ്പ ചുമത്താൻ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. നേരത്തേ പൊലീസ് അപേക്ഷ നൽകിയെങ്കിലും പ്രായം കണക്കിലെടുത്ത് നടപടിയെടുത്തിരുന്നില്ല. ഷിഹാൽ, അക്ഷയ് എന്നിവർക്കെതിരെ ആറുവീതം കേസുകളുമുണ്ട്. ആഗസ്റ്റ് 19ന് മെഡിക്കൽ കോളജ് പരിസരത്ത് നിർത്തിയിട്ട ബൈക്ക് കളവുപോയ കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെ കൊടുവള്ളി ഭാഗത്ത് മോഷണം നടത്തിയ സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് മോഷണംനടത്താൻ വന്ന വാഹനം മെഡിക്കൽ കോളജിൽ നിന്ന് പോയതാണെന്ന് മനസ്സിലായി.
ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസും ഡി.സി.പിയുടെ അന്വേഷണസംഘം എന്നിവർ ചേർന്ന് മുഹമ്മദ് ഷിഹാൽ, അക്ഷയ് കുമാർ എന്നിവരെ കുറ്റിക്കാട്ടൂരിൽനിന്ന് പിടികൂടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന തായിഫ് പൊലീസ് ഡ്രൈവർ സന്ദീപിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ സന്ദീപിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് മാനാഞ്ചിറ കോംട്രസ്റ്റ് കെട്ടിടത്തിന്റെ പിൻഭാഗത്ത് കാടുമൂടിയ ഭാഗത്ത് പ്രതിയെ സാഹസികമായി പിടികൂടി.
അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിലാണ് വിവിധ കേസുകളെപ്പറ്റി വിവരം കിട്ടിയത്. കുറ്റിക്കാട്ടൂരിൽനിന്ന് ഓടിമറഞ്ഞ തായിഫ്, കുറ്റിക്കാട്ടൂർ മക്കനാട്ടുതാഴം പള്ളിയുടെ സമീപത്തുനിന്നും മറ്റൊരു ബൈക്ക് മോഷണം നടത്തിയാണ് കടന്നുകളഞ്ഞത്.
ജില്ലക്കകത്തും പുറത്തുമായി നിരവധി മോഷണ, പിടിച്ചുപറി കേസുകൾ ഇവർക്കുണ്ടെന്നും മാസങ്ങൾക്കു മുമ്പാണ് മോഷണക്കേസിൽ ജയിലിൽ ജാമ്യത്തിലിറങ്ങിയതെന്നും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും എ.സി.പി കെ. സുദർശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

