വാഹനങ്ങളിലെ ബാറ്ററി മോഷണം; പന്തീരാങ്കാവിൽ നിരീക്ഷണം ശക്തമാക്കുന്നു
text_fieldsപന്തീരാങ്കാവ്: സ്വകാര്യ ബസുകളിലടക്കം വാഹനങ്ങളിൽനിന്ന് ബാറ്ററികൾ മോഷണം പോകുന്നത് പതിവായ സാഹചര്യത്തിൽ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണം ശക്തമാക്കാൻ പൊലീസും ബസുടമകളും സംയുക്തമായി നടത്തിയ യോഗത്തിൽ ധാരണ.
കഴിഞ്ഞ ദിവസങ്ങളിൽ പെരുമണ്ണ, പന്തീരാങ്കാവ്, മണക്കടവ്, ഒളവണ്ണ, പാലാഴി ഭാഗങ്ങളിൽനിന്ന് ഇരുപതോളം ബാറ്ററികൾ മോഷണം പോയിരുന്നു. രാവിലെ സർവിസ് തുടങ്ങാൻ എത്തുമ്പോഴാണ് ബാറ്ററി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇത് പതിവായതോടെയാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ എൻ. ഗണഷ് കുമാറിന്റെ നിർദേശപ്രകാരം യോഗം വിളിച്ചത്. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊലീസും ബസ് ഉടമസ്ഥരും സംയുക്തമായി ജാഗ്രതസമിതി രൂപവത്കരിച്ച് നിരീക്ഷണം നടത്തും. പ്രധാന കവലകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ സി.സി ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പെരുമണ്ണ ബസ് സ്റ്റാൻഡിൽ കാമറ സ്ഥാപിക്കാൻ പഞ്ചായത്തിനോട് അഭ്യർഥിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അരമ്പച്ചാൽ കെ. ഷഫീലിനെ (24) ബാറ്ററി മോഷണ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സബ് ഇൻസ്പെക്ടർ പി. സൂരജ്, ബസ് ഉടമസ്ഥരായ എൻ.വി. അബ്ദുൽസത്താർ, സുരേഷ് സനൂൾ, മൂസ സുൽത്താൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

