കല്ലുകൊണ്ട് വീട് തകർത്ത് മോഷണം: പ്രതിയെ കർണാടകയിലെത്തി പിടികൂടി
text_fieldsഅനിൽകുമാർ
കോഴിക്കോട്: തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിനുസമീപം ആളില്ലാത്ത വീട്ടിൽനിന്ന് പണവും വസ്ത്രങ്ങളും മോഷ്ടിച്ച ആളെ കർണാടക ചൗക്കി ഗ്രാമത്തിൽനിന്ന് പിടികൂടി. ചിക്കമഗളൂരു ചൗക്കിയിലെ അനിൽകുമാറിനെയാണ് (38) നടക്കാവ് എസ്.ഐ കൈലാസ് നാഥിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മംഗളൂരുവിൽനിന്ന് െട്രയിനിൽ കോഴിക്കോട് എത്തി റെയിൽവേ സ്റ്റേഷൻ, പാളയം തുടങ്ങിയ സ്ഥലങ്ങളിൽ തങ്ങി രാത്രി കറങ്ങി ആൾതാമസമില്ലാത്ത വീടുകളിൽ കനം കൂടിയ കല്ലുകൾ ഉപയോഗിച്ച് വാതിലും ജനലും കുത്തിപ്പൊളിച്ച് കളവ് നടത്തുകയാണ് ഇയാളുടെ രീതി. 15 വർഷത്തോളമായി ചിക്കമഗളൂരുവിലെ വീട്ടിൽ വരാതെ മംഗളൂരുവിലാണ് താമസിച്ചത്. മാസങ്ങളായി ഇയാളെപ്പറ്റി അന്വേഷണം നടത്തുകയായിരുന്നു. അമ്മാവെൻറ മരണാനന്തര ചടങ്ങിനായി പ്രതി ചൗക്കി ഗ്രാമത്തിലെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ചിക്കമഗളൂരു ചൗക്കി ഗ്രാമത്തിലെ ഇയാളുടെ വീട് രാത്രി വളഞ്ഞു. പുലർച്ചെ വീട്ടിലെത്തിയ പ്രതിയെ പിടികൂടി നടക്കാവ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്തതിൽ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
മംഗളൂരു, ശിവമൊഗ്ഗ, ഉടുപ്പി, ചേവായൂർ, മെഡിക്കൽ കോളജ്, കുന്ദമംഗലം, നടക്കാവ്, കൊയിലാണ്ടി എന്നിവിടങ്ങളിലായി 25 മോഷണ കേസുകളിൽ പ്രതിയാണ്. ലഹരിക്ക് അടിമയായ അനിൽ മംഗളൂരുവിൽ കഞ്ചാവ് വിൽപന നടത്തിയതിന് പൊലീസ് പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. പലതവണയായി 10 വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ദിനേഷ് കുമാറിനെ കൂടാതെ പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐ എം. മുഹമ്മദ് ഷാഫി, എസ്.സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒമാരായ ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി കോഴിക്കോട് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

