മഞ്ഞവെള്ളം ഒഴുക്ക് നിലച്ചില്ല; മീനുകൾ ചത്തുപൊങ്ങുന്നു
text_fieldsഷട്ടർ തുറന്നതിന്റെ
ഭാഗമായി പുല്ലിപ്പുഴ
മഞ്ഞനിറമായ നിലയിൽ
രാമനാട്ടുകര: ചീഞ്ഞുനാറുന്ന മാലിന്യം ഉൾപ്പെടുന്ന ബണ്ട് തുറന്നുവിട്ടതോടെ പുഴവെള്ളം മഞ്ഞനിറമായതിന് ശമനമില്ല. രാമനാട്ടുകര നഗരസഭയിലെ പല ഭാഗങ്ങളിൽനിന്നുമായി ഒഴുകിയെത്തുന്ന അഴക്കു നിറഞ്ഞ വെള്ളം മുട്ടിയറ തോട്ടിലെ ഷട്ടർ തുറന്നുവിട്ടതോടെയാണ് രണ്ടു കിലോമീറ്റർ ദൂരമുള്ള പുല്ലിപ്പുഴ മഞ്ഞ വെള്ളം ഒഴുകി നാറുന്നത്. ഇന്നലെ ആരോഗ്യ വിഭാഗം ജീവനക്കാർ എത്തി വെള്ളം പരിശോധിച്ചു.
വെള്ളത്തിനു കടുത്ത മഞ്ഞനിറം കുറഞ്ഞിട്ടുണ്ട്. പ്രദേശവാസികൾ ഉപയോഗിച്ചു വരുന്നതാണ് പുല്ലിപ്പുഴയിലെ വെള്ളം. വെള്ളം ശരീരത്തിൽ തട്ടുമ്പോൾ ചൊറിച്ചിലുണ്ട്. പല ഭാഗത്തായി മീനുകൾ ചത്തുപൊങ്ങുന്നുമുണ്ട്. തോണിയിൽ കോരുവല ഉപയോഗിച്ച് നാട്ടുകാർ മഞ്ഞ വെള്ളത്തിൽനിന്നും മീൻപിടിച്ച് മറ്റുപുഴകളിൽ നിക്ഷേപിക്കുന്നുണ്ട്. പി. ഹമീദ് മാസ്റ്റർ എം.എൽ.എ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കലക്ടർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.

