കാത്തിരിപ്പിന് അവസാനം; 'സ്പർശ്' സെന്റർ കോഴിക്കോട് വരുന്നു
text_fieldsകുന്ദമംഗലം: വിമുക്ത ഭടന്മാരുടെ കാത്തിരിപ്പിന് അവസാനമായി 'സ്പർശ്' സെന്റർ കോഴിക്കോട് വരുന്നു. ഈ മാസം ഏഴിന് രാവിലെ 10.30ന് വെസ്റ്റ് ഹില്ലിലെ കേരള സ്റ്റേറ്റ് എക്‌സ് സർവിസ് ലീഗ് ജില്ല ഓഫിസ് പരിസരത്ത് ഉദ്ഘാടനം നടക്കും. ഈ ബിൽഡിങ്ങിലെ താഴെ നിലയിലാണ് 'സ്പർശ്' സെന്ററിന്റെ ഓഫിസ് ആരംഭിക്കുന്നത്. കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് ഓഫിസ് മേധാവിയും കേരള, തമിഴ്നാട് സൈനിക ഓഫിസുകളുടെ സാമ്പത്തിക വിഭാഗം മേധാവിയുമായ ടി. ജയശീലൻ ഓഫിസ് ഉദ്ഘാടനം നിർവഹിക്കും.
കോഴിക്കോട് 'സ്പർശ്' സർവിസ് സെന്ററിനായുള്ള വിമുക്ത ഭടന്മാരുടെ കാത്തിരിപ്പിനെക്കുറിച്ച് മാധ്യമം നേരത്തേ വാർത്ത നൽകിയിരുന്നു. പെൻഷൻ ക്ലെയിമുകൾ പ്രോസസ് ചെയ്യുന്നതിനും ഇടനിലക്കാരില്ലാതെ വിമുക്തഭടന്മാരുടെ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രഡിറ്റ് ചെയ്യുന്നതിനുമുള്ള വെബ് അധിഷ്ഠിത സംവിധാനമാണിത്. സൈനിക പെൻഷൻകാർക്ക് പെൻഷൻ അക്കൗണ്ടിന്റെ എല്ലാ വിവരങ്ങളും ഓൺലൈൻ പോർട്ടലിൽ ലഭിക്കും.
വിമുക്ത ഭടന്മാരുടെയും വിധവകളുടെയും പെൻഷനുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികൾക്കും പരിഹാരം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. ഡിഫൻസ്, നേവി, എയർ ഫോഴ്‌സ്, ആർമി ഡിഫൻസ് സിവിലിയൻ തുടങ്ങിയ സർവിസിൽനിന്ന് വിരമിച്ചവർക്ക് പെൻഷനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഈ ഓഫിസിലാണ് നടക്കുക.
നേരത്തേ കോഴിക്കോട് ജില്ലയിലുള്ളവർ കണ്ണൂരിലെ സ്പർശ് ഓഫിസിലേക്കായിരുന്നു പോകേണ്ടത്. ജില്ലയിൽ മാത്രം ആർമി, നേവി, എയർ ഫോഴ്‌സ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, ജി.ആർ.എ.എഫ്, ഐ.ടി.ബി.ടി തുടങ്ങിയവയിൽനിന്ന് പെൻഷനായവർ ഏതാണ്ട് 20000 മുകളിൽ ഉണ്ടാകും. മലപ്പുറം ജില്ലയിലുള്ളവർക്കും അവിടെ ഓഫിസ് തുടങ്ങുന്നതുവരെ ഈ ഓഫിസിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

