സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട മോഷ്ടാവിനെ മണിക്കൂറുകൾക്കകം പിടികൂടി
text_fieldsഅഫ്രീദ്
കോഴിക്കോട്: സ്റ്റേഷനിലെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ മണിക്കൂറുകൾക്കകം സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ പൊലീസും പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ നാലുകുടിപറമ്പ് സ്വദേശി മുഹമ്മദ് അഫ്രീദ് എന്ന തൂറ്റ (20) വെള്ളിയാഴ്ച പുലർച്ചെ രണ്ടരമണിയോടെ വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ ബാത്ത്റൂമിൽ കയറി ചുമരിന് മുകളിലൂടെ ചാടിക്കടന്ന് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് ബീച്ചിലെത്തുന്നവരുടെ സ്കൂട്ടറിന്റെ ഡിക്കി സ്ക്രൂഡ്രൈവർകൊണ്ട് കുത്തിത്തുറന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. വെള്ളയിൽ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നിരീക്ഷണം ശക്തമാക്കിയതോടെ സമാനമായ കുറ്റകൃത്യങ്ങളിൽ നിരവധി മോഷ്ടാക്കളാണ് പിടിയിലായത്. പിടിയിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ച് വിശദമായി ചോദ്യംചെയ്തതിൽനിന്ന് ഗ്യാങ് ലീഡർ തൂറ്റ എന്നപേരിൽ അറിയപ്പെടുന്നയാളാണെന്ന് മനസ്സിലാക്കി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പ്രായപൂർത്തിയാകാത്ത കുട്ടികളെയുൾപ്പെടുത്തി സംഘത്തെ മോഷണത്തിനായി തയാറാക്കുന്നതിനിടെയാണ് വെള്ളയിൽ പൊലീസിന്റെ പിടിയിലായത്.
സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പ്രതിക്കായി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രന്റെ നിർദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പ്രതിയുടെയും സുഹൃത്തുക്കളുടെയും വീടും പരിസരവും നിരീക്ഷണത്തിലാക്കി. കൈയ്യാമം പൊട്ടിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദം തിരിച്ചറിഞ്ഞ പൊലീസ്, മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട് വളയുകയായിരുന്നു. പ്രതി വീടിന്റെ ഓടു പൊളിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ. ജോസ് പ്രതിയെ അറസ്റ്റ് ചെയ്തു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത് കുമാർ, രാകേഷ് ചൈതന്യം, വെള്ളയിൽ സ്റ്റേഷനിലെ സീനിയർ സി.പി.ഒ ജോഷി, ഹോം ഗാർഡ് രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

