റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായി അന്വേഷണം തുടരുന്നു
text_fieldsകോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. എരമംഗലം ബാലുശ്ശേരി ആട്ടൂർ ഹൗസിൽ മുഹമ്മദ് അട്ടൂരി (മാമിക്ക - 56 ) യെ കാണാതായെന്ന് ഭാര്യ റംലത്ത് നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹം സ്ഥിരമായി പോകാറുള്ള കേരളത്തിന് പുറത്തെ നഗരങ്ങളിലെല്ലാം സംഘം അന്വേഷണം വ്യാപിപ്പിച്ചു. ഇദ്ദേഹം താമസിക്കുന്ന കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലെ അപ്പാർട്മെന്റിൽ നിന്ന് കഴിഞ്ഞ 21 ന് പുറത്തിറങ്ങിയതാണ്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി, പറമ്പത്ത്, തലക്കുളത്തൂർ ഭാഗങ്ങളിൽ ഉണ്ടായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദിൽ ഉള്ളതായി സൂചന ലഭിച്ചതിനാൽ പൊലീസ് അവിടെ എത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. വൻകിട കമ്പനികൾക്കു വേണ്ടി ഭൂമി ഇടപാടുകൾ നടത്താറുള്ളയാളാണ് ഇദ്ദേഹമെന്ന് കണ്ടെത്തി. കാണാതായത് റിയൽ എസ്റ്റേറ്റ് ബിസിനസ് തർക്കത്തിന്റെ ഭാഗമായാണെന്ന് പൊലീസ് കരുതുന്നു.

