തീരദേശത്ത് കടലേറ്റം രൂക്ഷം; ബൈത്താനിയിൽ കടൽഭിത്തിയുടെ നിർമാണം പാതിവഴിയിൽ
text_fieldsകടലുണ്ടി: കടുക്ക ബസാർ, ബൈത്താനി, കപ്പലങ്ങാടി ഭാഗങ്ങളിൽ കടലേറ്റം രൂക്ഷമാകുന്നു. കടലിൽ കാറ്റും മഴയും ശക്തമായി തുടരുന്നതിനാലാണ് കരയിലേക്ക് തിരമാലകളുടെ തള്ളിക്കയറ്റം നിർബാധം തുടരുന്നത്. കരയിൽ കാറ്റിനും മഴക്കും ശമനമുള്ള സമയങ്ങളിലും കടലിൽ കാലവർഷം ശക്തിയായി തുടരുന്നതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ദിവസം രണ്ടു സമയങ്ങളിൽ വേലിയേറ്റവും വേലിയിറക്കവും നടക്കുന്നുണ്ട്. ഓരോ വേലിയേറ്റ സമയത്തും കടലിൽ കാലാവസ്ഥ മോശമാകുമ്പോഴാണ് തിരമാലകൾ കരയിലേക്ക് ആഞ്ഞുവീശുന്നത്. മുമ്പെങ്ങുമില്ലാത്ത കടലേറ്റമാണ് ഇപ്പോൾ നടക്കുന്നത്. കടലുണ്ടിക്കടവ് മുതൽ കടുക്ക ബസാർവരെയുള്ള തീരദേശ മേഖലയിൽ പലയിടത്തും കടൽഭിത്തി തകർന്നു കിടക്കുന്നതും പുനർനിർമിക്കാത്തതുമാണ് തീരദേശത്തെ കടലേറ്റത്തിൽനിന്ന് ചെറുക്കാൻ കഴിയാത്തതിന്റെ മുഖ്യ കാരണം.
ബൈത്താനിയിൽ തകർന്ന കടൽഭിത്തിയുടെ നിർമാണം തുടങ്ങിയിരുന്നുവെങ്കിലും പാതിവഴിയിൽ നിന്നു. 60 ലക്ഷമായിരുന്നു നീക്കിയിരിപ്പ്. എന്നാൽ, ഒരു കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ ഉൾെപ്പടെ സാങ്കേതിക പ്രശ്നങ്ങൾ കഴിഞ്ഞാലേ നിർമാണം തുടങ്ങാൻ പറ്റൂ. ഏറെ കടൽക്ഷോഭം നേരിടുന്ന കടുക്കബസാർ ഭാഗത്തേക്ക് ഭിത്തിനിർമാണത്തിന് അഞ്ചു കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഇതിനും സാങ്കേതിക നടപടികൾ തരണംചെയ്യേണ്ടതുണ്ട്. സാങ്കേതികത്വം തീർത്ത് ഈ കാലവർഷത്തിലെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ ഭിത്തി നിർമിക്കാൻ സർക്കാർ മുൻകൈയെടുത്ത് തീരദേശവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ മുന്നോട്ടു വരണമെന്നാണ് ഇവരുടെ ആവശ്യം. തീരദേശ ഭീഷണിയെ തുടർന്ന് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയ കുടുംബങ്ങൾക്ക് തിരിച്ചെത്താൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

