കാരക്കുന്നത്ത് ലോക്കൽ സെക്രട്ടറിയടക്കം ആറുപേർക്കെതിരെ സി.പി.എം നടപടി
text_fieldsകോഴിക്കോട്: കാരക്കുന്നത്ത് ലോക്കൽ സെക്രട്ടറിയടക്കം ആറുപേർക്കെതിരെ സി.പി.എം അച്ചടക്കനടപടി. ലോക്കൽ സെക്രട്ടറി പുരുഷു കുട്ടമ്പൂരിനെ സ്ഥാനത്തുനിന്ന് മാറ്റുകയും ലോക്കൽ കമ്മിറ്റി അംഗങ്ങളായ മൂന്നുപേർക്കും ബ്രാഞ്ച് അംഗങ്ങളായ രണ്ടുപേർക്കും പരസ്യശാസനയും താക്കീതും നൽകുകയുമാണ് ചെയ്തത്.
പാർട്ടി കക്കോടി ഏരിയ കമ്മിറ്റി അംഗം മടവൂരിലെ പി.കെ.ഇ. ചന്ദ്രനാണ് ലോക്കൽ സെക്രട്ടറിയുടെ ചുമതല. പുതിയ സെക്രട്ടറിയായി ലോക്കൽ കമ്മിറ്റിയിലെ ആരെയും പരിഗണിക്കാഞ്ഞതും കൂട്ടനടപടിയും കാരക്കുന്നത്ത് ലോക്കൽ കമ്മിറ്റിയെ പിരിച്ചുവിട്ടതിന് സമാന സാഹചര്യമാണ് പാർട്ടിയിലുണ്ടാക്കിയത്. നവമാധ്യമ കൂട്ടായ്മ ഭാരവാഹി പി.കെ. ഷാജി, ഡി.വൈ.എഫ്.ഐ നേതാവ് വി.കെ. വിവേക്, ഇ.പി. അസീസ് എന്നിവരാണ് നടപടി നേരിട്ട ലോക്കൽ കമ്മിറ്റി അംഗങ്ങൾ. നൗഷാദ് വേളാട്ടുമ്മലും രതീഷുമാണ് നടപടി നേരിട്ട ബ്രാഞ്ച് അംഗങ്ങൾ. കാരക്കുന്നത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ കുറിയിലെ സാമ്പത്തിക ക്രമക്കേടുകളും വിഭാഗീയതയുമാണ് പാർട്ടി നടപടിക്ക് കാരണമായി പറയുന്നത്. ഓഫിസ് നിർമാണവുമായുള്ള ക്രമക്കേട് സംബന്ധിച്ച് പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നേരത്തെ വിമർശനമുന്നയിക്കുകയും വിഷയം ചൂണ്ടിക്കാട്ടി ജില്ല, സംസ്ഥാന നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. പാർട്ടി കക്കോടി ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ട അന്വേഷണ കമീഷന്റെ കണ്ടെത്തലുകളടക്കം പരിശോധിച്ചാണ് അച്ചടക്കനടപടി.
പാർട്ടിയുടെ സ്വാഭാവിക അച്ചടക്കനടപടി എന്നുമാത്രമാണ് ഏരിയ കമ്മിറ്റി നേതൃത്വത്തിന്റെ വിഷയത്തിലെ പ്രതികരണം. കാക്കൂർ ലോക്കൽ കമ്മിറ്റി വിഭജിച്ചാണ് കാരക്കുന്നത്ത് ലോക്കൽ കമ്മിറ്റി രൂപവത്കരിച്ചിരുന്നത്. ലോക്കൽ സെക്രട്ടറിയായി പ്രവർത്തിക്കവെ പുരുഷു കുട്ടമ്പൂർ 2021 നവംബറിൽ പറമ്പിൽ ബസാറിൽ നടന്ന പാർട്ടി കക്കോടി ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചിരുന്നു. സമ്മേളനത്തിൽ പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പേരുകൾ അവതരിപ്പിച്ചതോടെ പുരുഷു കുട്ടമ്പൂരിന്റെ പേര് സമ്മേളന പ്രതിനിധികളിൽനിന്ന് ഉയരുകയായിരുന്നു.
പുതിയ പേര് ഉയർന്നത് ജനാധിപത്യപരമാണെങ്കിലും മത്സരം ഒഴിവാക്കി പാനൽ ഐകകണ്ഠ്യേന അംഗീകരിക്കണമെന്ന് ജില്ല സെക്രട്ടറി പി. മോഹനൻ ആവശ്യപ്പെട്ടിട്ടും പുരുഷുവും അദ്ദേഹത്തിന്റെ പേര് പറഞ്ഞവരും പിൻവാങ്ങിയില്ല. ഇതോടെ സമ്മേളനത്തിൽ വോട്ടെടുപ്പായി. പാനലിലെ 21 പേരിനൊപ്പം പുരുഷുവിനെയും ഉൾപ്പെടുത്തി പ്രതിനിധികളോട് 21 പേർക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ടപ്പോൾ, 146 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ 76 വോട്ടാണ് പുരുഷുവിന് കിട്ടിയത്.
മറ്റുള്ളവർക്ക് നൂറിലേറെ വോട്ടുകൾ ലഭിക്കുകയും ചെയ്തതോടെ ആദ്യ പാനലിലുള്ളവർ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പാർട്ടി അംഗങ്ങളിൽ പലരും പാനലിലെ പ്രമുഖരുടെ അടക്കം പത്തുവരെ പേരുകൾ വെട്ടിയതും പുരുഷുവിനെ മത്സരിപ്പിച്ചതും വിഭാഗീയ പ്രവർത്തനത്തിന്റെ ഭാഗമെന്നാണ് പിന്നീട് പാർട്ടി വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

