കൊടുവള്ളി സി.എച്ച്.സിയിൽ റേഡിയോഗ്രാഫർ തസ്തിക തുടരും
text_fieldsകൊടുവള്ളി: കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ (സി.എച്ച്.സി.) റേഡിയോഗ്രാഫർ തസ്തിക കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പുനർവിന്യസിച്ച ഉത്തരവ് റദ്ദാക്കി. തസ്തിക കൊടുവള്ളിയിൽത്തന്നെ നിലനിർത്താൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിറക്കി. പി.കെ. ഫിറോസ് എം.എൽ.എയാണ് ഇക്കാര്യം അറിയിച്ചത്.
തസ്തിക പുനർവിന്യസിക്കാനുള്ള നീക്കത്തെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. കൊടുവള്ളിയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാർക്ക് ആശ്രയമായ ആശുപത്രിയിലെ എക്സ്-റേ പരിശോധന സേവനങ്ങളെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പി.കെ ഫിറോസ് എം.എൽ.എ ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്തുനൽകുകയും നേരിട്ട് ഇടപെട്ട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് തസ്തിക പുനർവിന്യസിച്ച ഉത്തരവ് റദ്ദാക്കി കൊടുവള്ളിയിൽത്തന്നെ നിലനിർത്താൻ സർക്കാർ തീരുമാനിച്ചത്.
പ്രതിദിനം നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കെത്തുന്ന കൊടുവള്ളി സി.എച്ച്.സിയിൽ റേഡിയോഗ്രാഫർ തസ്തിക നിലനിർത്താനുള്ള തീരുമാനം എക്സ്-റേ പരിശോധനയെ ആശ്രയിക്കുന്ന രോഗികൾക്ക് വലിയ ആശ്വാസമാകും. 2022 മുതൽ ആശുപത്രിയുടെ മുഴുവൻ പ്രവർത്തനസമയത്തും ഉച്ചയ്ക്കുശേഷം ഉൾപ്പെടെ എക്സ്-റേ പരിശോധനാ സേവനം ലഭ്യമാണ്. നിലവിൽ രണ്ട് റേഡിയോഗ്രാഫർ തസ്തികകളാണ് ആശുപത്രിയിലുള്ളത്. പ്രതിദിനം ശരാശരി 30ലധികം എക്സ്-റേ പരിശോധനകൾ കുറഞ്ഞ നിരക്കിൽ ഇവിടെ നടത്തിവരുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം ദന്തപരിശോധന സേവനങ്ങളും ആശുപത്രിയിൽ ലഭ്യമാണ്. ഇതിന്റെ ഭാഗമായി ദന്തൽ എക്സ്-റേ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. റേഡിയോഗ്രാഫർ തസ്തിക നിലനിർത്തുന്നത് ഈ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും രോഗികൾക്ക് സമയബന്ധിതമായി പരിശോധനകൾ ലഭ്യമാക്കുന്നതിനും സഹായകമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

