വയോധികയുടെ സ്വർണമാല കവർന്നു
text_fieldsഎകരൂൽ: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയുടെ സ്വർണമാല കവർന്നു. ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത് കൊന്നക്കൽ ഇരുമ്പോട്ടുപൊയിൽ രമണിയുടെ (74) രണ്ടര പവൻ സ്വർണമാലയാണ് കവർന്നത്. ഞായറാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് സംഭവം.
വീടിനു പുറത്തുള്ള ഇരുമ്പുകോണി ഉപയോഗിച്ച് മുകളിൽ കയറിയ കള്ളൻ ജനലിനുള്ളിലൂടെ വടിയിൽ കെട്ടിയ കമ്പികൊണ്ടാണ് വാതിലിന്റെ കൊളുത്ത് തുറന്നത്. ശബ്ദം കേട്ട് ഉണർന്ന സ്ത്രീയുടെ മുഖം പൊത്തിപ്പിടിച്ചാണ് കഴുത്തിലണിഞ്ഞ മാല വലിച്ചുപൊട്ടിച്ചത്. ഏതാനും ദിവസം മുമ്പാണ് ഇവർ ഈ വീട്ടിലേക്ക് താമസം മാറിയത്. ബാലുശ്ശേരി പൊലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ഒരു കുടയും ചെരിപ്പും സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടുണ്ട്.
200 മീറ്റർ അകലെയുള്ള മറ്റൊരു വീട്ടിലെ സി.സി.ടി.വിയിൽ രാത്രി ഒന്നരയോടെ രണ്ടു പേർ കുടചൂടി നടന്നുവരുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

