പണം മുടക്കിയത് വെറുതെയായി; അധികൃതരുടെ അനാസ്ഥയിൽ കെട്ടിടം നശിക്കുന്നു
text_fieldsകക്കോടി: കാടുമൂടി നശിച്ച് സാമൂഹികദ്രോഹികളുടെ വിളയാട്ട് കേന്ദ്രമായ കക്കോടി എൻ.വി. റോഡിലെ ഖാദി ബോർഡിന്റെ കീഴിലെ സൊസൈറ്റി നാട്ടുകാർ നന്നാക്കി കൈമാറിയിട്ടും പരിപാലനമില്ലാത്തതിനാൽ പഴയപടിയിൽ നാശത്തിലേക്ക് . 40 വർഷത്തോളം പ്രവർത്തനമില്ലാത്തതിനാൽ കെട്ടിടത്തിന്റ മേൽക്കൂരയുൾപ്പെടെ ഇടിഞ്ഞു പൊളിഞ്ഞു വീണിരുന്നു. കാടുമൂടിയ കെട്ടിടത്തിൽ മദ്യപാനവും അനാശാസ്യവും നടമാടി പൊതുജനങ്ങൾക്കും സമീപവാസികൾക്കും ദുരിതമായിരുന്നു.സൊസൈറ്റി കമ്മിറ്റിയുടെ നിഷ്ക്രിയത്വത്തെത്തുടർന്ന് സമീപത്തെ തീരം റെസിഡന്റ്സ് ഖാദി ബോർഡിനെ സമീപിച്ച് പരിഹാര നടപടികൾ ആവശ്യപ്പെട്ടു.
താൽക്കാലിക കമ്മിറ്റി ഉണ്ടാക്കി അറ്റകുറ്റ പണികൾ നടത്താനും സമീപവാസികൾക്ക് ഉപകാരപ്രദമാകുന്ന പ്രവർത്തനങ്ങൾ നടത്താനും അനുമതി നൽകി. തുടർന്ന് കമ്മിറ്റി രൂപവത്കരിച്ച് പൊതുജനങ്ങളിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ സമാഹരിച്ച് കെട്ടിടത്തിന്റെ മേൽക്കൂര മാറ്റിപ്പണിയുകയും വൈദ്യുതി പുന:സ്ഥാപിക്കുകയും ചുറ്റുമതിൽ സ്ഥാപിക്കുകയും ചെയ്തു. കോമ്പൗണ്ടിനുള്ളിലെ കാട് വെട്ടിമാറ്റി മണ്ണിടിച്ച് വൃത്തിയാക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. പൊതുജന ആരോഗ്യ പരിപാടികൾക്ക് കെട്ടിടം സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്നതിനിടെ പഴയ സൊസൈറ്റിയുടെ രേഖകൾ ഹാജരാക്കി ഒരു കമ്മിറ്റി രംഗത്തെത്തി. തർക്കത്തിനു നിൽക്കാതെ റെസിഡന്റ് സ് ഭാരവാഹികൾ ഒഴിഞ്ഞു നൽകി.
ഒരു വർഷം കഴിഞ്ഞിട്ടും ഒരു പ്രവർത്തനവും നടത്തിയില്ലെന്നു മാത്രമല്ല കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഷീറ്റ് ദ്രവിക്കുകയും കോമ്പൗണ്ടിൽ കാടു വളരുകയും ചെയ്തു. വൈദ്യുതി ബിൽ റെസിഡന്റസ് ഭാരവാഹികളുടെ പേരിലാണ് ഇപ്പഴും വരുന്നത്. കെട്ടിടം പഴയപടിയിലേക്ക് നീങ്ങുമെന്ന ആശങ്കയെത്തുടർന്ന് പ്രദേശവാസികൾ ഏപ്രിൽ അഞ്ചിന് കെട്ടിടത്തിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തുകയാണ്. തുടർന്ന് ഖാദി ബോർഡ് ഓഫിസിലേക്കും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് തീരം റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.വി. അനിൽ പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാലാണ് കെട്ടിടത്തിന്റെ പരിചരണം വൈകുന്നതെന്നും ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് കിഷോർ അറോട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

