വെള്ളിയാഴ്ചകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ
text_fieldsഅബിൻ
കോഴിക്കോട്: വെള്ളിയാഴ്ചകളിൽ വ്യാപാരികൾ പള്ളിയിൽ പോവുന്ന നേരം നോക്കി മോഷണത്തിനിറങ്ങുന്ന യുവാവ് പിടിയിൽ. മീഞ്ചന്ത പുത്തൻവീട്ടിൽ പി.വി. അബിനെയാണ് (26) നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പ്രാർഥനക്കുപോവുന്ന കടകൾ നിരീക്ഷിച്ച് കടയിൽ ആളില്ലെന്ന് ഉറപ്പുവരുത്തിയുള്ള മോഷണമാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13ന് അഴകൊടി ക്ഷേത്രത്തിന് സമീപത്തെ പി.എസ് ഓൾഡ് മെറ്റൽസ് സ്ഥാപനത്തിലെ ജോലിക്കാർ പള്ളിയിൽ പോയ സമയം നോക്കി മതിൽ ചാടി മേശയിൽ സൂക്ഷിച്ച 20,000 രൂപ മോഷ്ടിച്ചെന്നാണ് പരാതി.
ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞുവെന്ന് മനസ്സിലായപ്പോൾ മോഷണനേരത്ത് ധരിച്ച വസ്ത്രങ്ങൾ കനോലി കനാലിൽ ഉപേക്ഷിച്ച് പണമുപയോഗിച്ച് മൊബൈൽ ഫോൺ വാങ്ങി. നീട്ടിവളർത്തിയ മുടി മൊട്ടയടിച്ച് രൂപമാറ്റം വരുത്തി പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു.
നിരവധി സി.സി.ടി.വികൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ലഹരി ഉപയോഗത്തിനാണ് പണം ചെലവഴിക്കുന്നതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. മുമ്പും പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാല് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നടക്കാവ് സബ് ഇൻസ്പെക്ടറായ എസ്.ബി. കൈലാസ് നാഥ്, അസി. സബ് ഇൻസ്പെക്ടർ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ, ലെനീഷ്, ജിത്തു, ബബിത്ത് കുറുമണ്ണിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

