പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് തെറിപറഞ്ഞയാൾ അറസ്റ്റിൽ
text_fieldsഷാഹുൽ ഹമീദ്
കോഴിക്കോട്: മോഷണം പോയ വയർലെസ് സെറ്റിൽനിന്ന് മദ്യപെൻറ തെറികേട്ട് അന്തംവിട്ട 'ആക്ഷൻ ഹീറോ ബിജു' സിനിമയിലെ പൊലീസുകാരുടെ ദുരവസ്ഥയായിരുന്നു രണ്ടാഴ്ചയായി കസബ സ്റ്റേഷനിലെ സേനാംഗങ്ങൾക്ക്. വയർലെസ് മോഷണം പോയില്ലെങ്കിലും ഒരാൾ നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ച് തെറി പറയുന്നതും പൊല്ലാപ്പുകൾ സൃഷ്ടിക്കുന്നതുമാണ് വനിത പൊലീസുകാരെയടക്കം വലച്ചത്. ഏറെ പരിശ്രമത്തിനൊടുവിൽ പൊലീസിനെ വട്ടംകറക്കിയ പൊക്കുന്ന് സ്വദേശി ഷാഹുൽ ഹമീദിനെ (സുഡാനി -29) പിടികൂടിയത്. ഇയാൾ ലഹരിക്കടിമയാെണന്നാണ് പൊലീസ് പറയുന്നത്.
സംഭവം ഇങ്ങനെ: രണ്ടാഴ്ച മുമ്പാണ് കസബ സ്റ്റേഷനിലേക്ക് ഷാഹുൽ ഫോൺവിളി തുടങ്ങുകയായിരുന്നു. അസഭ്യങ്ങൾ പറഞ്ഞായിരുന്നു ഓരോ വിളിയുമെന്നതിനാൽ വനിത പൊലീസുകാർക്ക് ഫോണെടുക്കാൻ കഴിയാതായി. നൂറിലധികം കോളുകളായിരുന്നു പല ദിവസവും വന്നത്. കോളർ ഐ.ഡി ഇല്ലാത്തതിനാൽ വിളിക്കുന്നയാളുടെ നമ്പർ വ്യക്തമായില്ല. പിന്നീട് സൈബർ സെൽ നമ്പർ കണ്ടെത്തിയെങ്കിലും 2ജി ഫോണായതിനാൽ ടവർ ലൊക്കേഷനേ കിട്ടിയുള്ളൂ. ഇതരസംസ്ഥാന തൊഴിലാളിയുടെ പേരിലുള്ള ഫോണായതിനാൽ ആളെ കണ്ടെത്താനുമായില്ല.
അവസാനം ശനിയാഴ്ച രാവിലെ പത്തരയോടെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ തീപിടിത്തമുണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിയെത്തി. പൊലീസ് സ്റ്റാൻഡിൽ കുതിച്ചെത്തിയപ്പോഴാണ് ഫോൺ സന്ദേശം വ്യാജമെന്ന് വ്യക്തമായത്. തിരിച്ചെത്തിയ പൊലീസ് തെറ്റായ വിവരം കൈമാറിയതിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് സൈബർ സെൽ സഹായത്തോടെ അന്വേഷണം തുടങ്ങി. സി.ഐ എൻ. പ്രജീഷിെൻറ നേതൃത്വത്തിൽ പന്തീരാങ്കാവ് ഭാഗത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടങ്ങളിലും പരിശോധിച്ചു.
ഒടുവിൽ സി.ഐ ഫോണിൽ പ്രതിയെ വിളിച്ചപ്പോൾ ചേട്ടന് വേറെ പണിയില്ലേ, എന്നെ തപ്പി നടക്കാനെന്നായി മറുപടി. ആ സമയത്തിനുള്ളിൽ സൈബർസെൽ പ്രതിയുള്ള സ്ഥലം കണ്ടെത്തി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ ജയന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ നിറാസ്, ശ്രീജേഷ്, വിഷ്ണുപ്രഭ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

