മലബാർ റിവർ ഫെസ്റ്റിവൽ സമാപിച്ചു
text_fieldsറാപ്പിഡ് റാണി മരീസ കൗപ് (ജർമനി), റാപ്പിഡ് രാജ മനുവിങ്ക് വാക്രനഗൽ (ന്യൂസിലൻഡ് )
കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിന്റെ 10ാമത് പതിപ്പിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഇലന്തുകടവിൽ സമാപനം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിൽ ന്യൂസിലൻഡിൽനിന്നുള്ള മനു വിങ്ക് വാക്ര നഗൽ റാപ്പിഡ് രാജയായും ജർമനിക്കാരി മരീസ കൗപ് റാപ്പിഡ് റാണിയുമായും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും 1,20,000 രൂപ വീതമുള്ള ചെക്ക് പട്ടികജാതി -പട്ടികവർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളുവിൽനിന്ന് ഏറ്റുവാങ്ങി. മികച്ച ഇന്ത്യൻ പാഡ്ലർ വനിത വിഭാഗത്തിൽ നൈന അധികാരിയും (ഉത്തരാഖണ്ഡ്) പുരുഷ വിഭാഗത്തിൽ അമിത് ഥാപ്പയുമാണ് (ഉത്തരാഖണ്ഡ്).
സമാപനം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. പൊതുവിടങ്ങളിലെ ശുചിത്വവും ആളുകളോടുള്ള പെരുമാറ്റവും വിനോദസഞ്ചാര മേഖലയിൽ പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, ആദർശ് ജോസഫ്, അലക്സ് തോമസ് ചെമ്പകശ്ശേരി, പി.ടി. ബാബു, ബോസ് ജേക്കബ്, മേഴ്സി പുളിക്കാട്ട്, കെ.ഡി. ആന്റണി, ഡി. ഗിരീഷ് കുമാർ, ബിനു കുര്യാക്കോസ്, സത്യജിത് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു. സ്വദേശികൾക്ക് പുറമെ, ഏഴ് രാജ്യങ്ങളിൽനിന്നുള്ള 15 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിഞ്ഞത്.

