വിളക്കുകൾ വന്നില്ല, മിഠായിതെരുവിൽ ഇരുട്ട് തന്നെ
text_fieldsഅപകടാവസ്ഥയിലുള്ള മിഠായി തെരുവിലെ അലങ്കാരവിളക്കുകൾ എടുത്തു മാറ്റിയ നിലയിൽ
കോഴിക്കോട്: മിഠായിതെരുവിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും വെളിച്ചക്കുറവ്. തെരുവിൽ പുതിയ എൽ.ഇ.ഡി ബൾബിടാൻ തീരുമാനിച്ചെങ്കിലും പെട്ടെന്ന് നടപടിയാവാത്തതാണ് കാരണം. മിഠായിതെരുവിലെ ഗോളാകൃതിയിലുള്ള അലങ്കാര വിളക്കുകളിൽ വെള്ളം നിറഞ്ഞ് തെരുവിൽ വീണ് പൊട്ടി അപകടാവസ്ഥ വന്നതോടെ അഴിച്ചുമാറ്റിയിരുന്നു.
പകരം എൽ.ഇ.ഡി വിളക്കുകൾ വെക്കാൻ തീരുമാനിച്ചെങ്കിലും നടപടികൾ നീണ്ടുേപാവുകയാണ്. ആറുമാസം മുമ്പ് വിളക്ക് കത്തിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ സ്ഥാപിക്കാനായില്ല. എൽ.ഐ.സി, പട്ടാളപ്പള്ളി, എസ്.കെ. പൊെറ്റക്കാട്ട് പ്രതിമ എന്നിവക്ക് സമീപത്തെ തെരുവ് വിളക്കുകൾക്ക് വെളിച്ചം കുറവായതും ഈ മേഖലയിൽ ഇരുട്ടാവാൻ കാരണമാണെന്ന് കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു. 12 പുതിയ വിളക്കുകൾ വെക്കാനാണ് ഏറ്റവുമൊടുവിൽ കോർപറേഷൻ തീരുമാനം.
എന്നാൽ അതിലും കൂടുതൽ വേണമെന്നാണ് വ്യാപാരികളടക്കമുള്ളവരുടെ ആവശ്യം. കടകൾ അടച്ചാൽ തെരുവിൽ പിന്നെ ഇരുട്ടാണ്. മിഠായിതെരുവിൽനിന്ന് 150ഓളം തെരുവ് വിളക്കുകളാണ് അപകടാവസ്ഥയിലായതിനാൽ എടുത്തുമാറ്റിയത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിലുള്ള നവീകരണ ഭാഗമായി സ്ഥാപിച്ച വിളക്കുകളാണ് എടുത്ത് മാറ്റിയത്.
നേരത്തേ മുകളിലൂടെ സ്ഥാപിച്ച ഇരുമ്പ് കമാനത്തിലായിരുന്നു അലങ്കാര വിളക്കുകൾ സ്ഥാപിച്ചത്. ഇവക്ക് പകരം കമാനത്തിന്റെ ഇരുമ്പ് കാലിന്റെ സൈഡിലാണ് പുതിയ ലൈറ്റുകൾ സ്ഥാപിക്കുക. എൽ.ഐ.സിയിൽ മരത്തിന്റെ തണലും വെളിച്ചം കുറയാൻ കാരണമാണെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.
വെയിലേൽക്കാതിരിക്കാൻ കമാനങ്ങൾക്ക് മുകളിലിട്ട പ്ലാസ്റ്റിക് മറകൾ ഭൂരിഭാഗവും കീറിതൂങ്ങിയതും മിഠായിതെരുവിന്റെ മുഖം വൃത്തികേടാക്കുന്നു. തകരാറിലായ ലോമാസ് വിളക്കും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എൽ.ഇ.ഡി ക്ലസ്റ്റർ ലൈറ്റുകളും മാറ്റിസ്ഥാപിക്കാനായിരുന്നു നേരത്തേ കോർപറേഷൻ തീരുമാനം.
80 വാട്ടിന്റെ 24 ലൈറ്റുകളുടെ പരിപാലന ചുമതല കിയോണിക്സിനെ (കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് കോർപറേഷൻ) ഏൽപ്പിക്കാൻ കോർപറേഷൻ പൊതുമരാമത്ത് സ്ഥിരംസമിതി തീരുമാനിച്ചിരുന്നു. നഗരസഭയിലെ തെരുവു വിളക്കുകൾ പരിപാലിക്കുന്ന സ്ഥാപനമാണ് കിയോണിക്സ്.
മിഠായിതെരുവിലെ തെക്കും വടക്കും ഭാഗങ്ങളിലായി സ്ഥാപിച്ച എൽ.ഇ.ഡി ക്ലസ്റ്റർ ലൈറ്റുകൾ മഴയത്ത് വെള്ളം നിറഞ്ഞ് തുരുമ്പെടുത്ത് പൊട്ടി വീണ് അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കോർപറേഷൻ കണ്ടെത്തിയിരുന്നു. മിഠായിതെരുവ് നവീകരിച്ചപ്പോൾ 2017ലാണ് തെരുവിലെ രണ്ടറ്റത്തും മേലാപ്പിൽ ഗോള വിളക്കുകളും മറ്റ് ഭാഗങ്ങളിൽ ലോമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

