കിഡ്സൺ കോർണർ കട്ടവിരി ഒരടി മുന്നോട്ടുനീങ്ങാതെ പ്രവൃത്തി
text_fieldsകോഴിക്കോട് എൽ.ഐ.സി കോർണറിൽ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തി
കോഴിക്കോട്: മാനാഞ്ചിറ-കിഡ്സൺ കോർണറിൽ റോഡ് ഉയർത്തി ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തി തുടങ്ങിയതിൽനിന്ന് ഒരടി മുന്നോട്ടുനീങ്ങിയില്ല. 28 ദിവസംകൊണ്ട് പണി തീരുമെന്നായിരുന്നു വാഗ്ദാനമെങ്കിലും ഒരുമാസം പിന്നിട്ടിട്ടും റോഡ് വെട്ടിപ്പൊളിച്ചിട്ടു എന്നല്ലാതെ മറ്റു പ്രവൃത്തികളൊന്നും പുരോഗമിച്ചിട്ടില്ല. റോഡ് പ്രവൃത്തി അനന്തമായി നീളുന്നത് ഉത്സവ സീസണിലെ വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചതായി മിഠായിത്തെരുവിലെ വ്യാപാരികൾ പറഞ്ഞു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയർ ബീന ഫിലിപ്പ്, കോർപറേഷൻ സെക്രട്ടറി എന്നിവരെക്കണ്ട് പരാതിപ്പെട്ടിട്ടും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായിത്തെരുവ് കമ്മിറ്റി കൺവീനർ സി.പി. അബ്ദുറഹ്മാൻ പറഞ്ഞു.
കരാറുകാർ ഓരോരോ കാരണം പറഞ്ഞ് പ്രവൃത്തി നീട്ടിക്കൊണ്ടുപോവുകയാണ്. തെരഞ്ഞെടുപ്പ് തിരക്കുകൾ കാരണം കോർപറേഷൻ എൻജിനീയർമാരും ഇവിടെ എത്തുന്നില്ല. പരാതിപ്പെട്ടതിന് ശേഷം രണ്ടു ദിവസം മുമ്പ് കരാറുകാർ എത്തി മണലിറക്കി കുറച്ച് പൂട്ടുകട്ടകൾ നിരത്തി, റിബൺ കെട്ടി മടങ്ങിയിരിക്കുകയാണ്. പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. എന്നാൽ, നടപ്പാതയിലൂടെ നടക്കാൻ കഴിയാത്തത് കാരണം ആളുകൾ റിബൺ മാറ്റി റോഡിലൂടെ ഇറങ്ങിയാണ് നടക്കുന്നത്. പണി വൈകുന്നത് കാരണം വ്യാപാരികൾക്ക് ക്രിസ്മസ്-ന്യൂ ഇയർ സീസൺ കച്ചവടം നഷ്ടമാവുകയാണ്. പ്രവൃത്തി നീളുന്നത് പുതുവത്സരാഘോഷങ്ങളെ വരെ പ്രതികൂലമായി ബാധിക്കുമെന്നും സി.പി. അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കാലമായിട്ടുകൂടി പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ കോർപറേഷൻ അധികൃതർ തയാറാവാത്തത് വ്യാപാരികളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എൽ.ഐ.സി ജങ്ഷൻ മുതൽ-സെൻട്രൽ ലൈബ്രറിക്ക് മുൻവശം വരെ 1920 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് ഇന്റർലോക്ക് വിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇതോടെ മിഠായിത്തെരുവ്, താജ്റോഡ്, വൈക്കം മുഹമ്മദ് ബഷീർ റോഡ് എന്നിവിടങ്ങളെ വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചു. മാത്രമല്ല, ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടത് പൊതുഗതാഗതത്തെ ആശ്രയിച്ച് നഗരത്തിലെത്തുന്ന ആയിരക്കണക്കിന് യാത്രക്കാർക്കും ദുരിതമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

