വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന മറിച്ചിട്ടു
text_fieldsതിരുവമ്പാടി: കൂടരഞ്ഞി പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന മറിച്ചിട്ടു. ഏറ്റുമാനൂർ കാരൻ ജോസ് കുട്ടിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പാണ് ഞായറാഴ്ച രാത്രിയെത്തിയ കാട്ടാന മറിച്ചിട്ടത്. ജോസ് കുട്ടിയും കുടുംബവും വീട്ടിൽ ഉറങ്ങിക്കിടക്കവേയാണ് സംഭവം. കാട്ടാന ആക്രമണത്തെ ഭയന്ന് പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം പുലർച്ച മൂന്നോടെ തന്റെ വീട്ടുമുറ്റത്ത് കാട്ടാന എത്തിയിരുന്നുവെന്ന് പ്രദേശവാസിയായ ജിജു കള്ളിപ്പാറയും പറഞ്ഞു.
താഴെ കക്കാട് മുതൽ പീടികപ്പാറ വരെയുള്ള പ്രദേശത്താണ് കാട്ടാന വിഹരിക്കുന്നത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, പീടികപാറ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ പി. സുബീർ എന്നിവർ സ്ഥലം സന്ദർശിച്ചു. കാട്ടാന ആക്രമണം ഭയക്കുന്ന ജനങ്ങൾക്ക് സംരക്ഷണം നൽകാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു. മേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വനാതിർത്തിയിൽ സോളാർ വേലി നിർമിക്കണമെന്ന കർഷരുടെ ആവശ്യം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
വനം വകുപ്പിനെതിരെ വ്യാപക പ്രതിഷേധം
കൂടരഞ്ഞി: പീടികപ്പാറ തേനരുവിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന തകർത്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വയോധികരും രോഗികളുമായ ജോസ് കുട്ടിക്കും ഭാര്യക്കും ചികിത്സാവശ്യത്തിന് സഞ്ചരിക്കാനുള്ള ജീപ്പാണ് ആന മറിച്ചിട്ടതെന്ന് യോഗം ചൂണ്ടിക്കാട്ടി. സംഭവസ്ഥലം കോൺഗ്രസ് മണ്ഡലം നേതാക്കൾ സന്ദർശിച്ചു. കോൺഗ്രസ് നേതാക്കൾ കൂമ്പാറ ഫോറസ്റ്റ് സെക്ഷൻ ഓഫിസിന് മുന്നിൽ സൂചനസമരം നടത്തി. മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലം തറപ്പേൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
കൂടരഞ്ഞി: തേനരുവിയിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.എഫ്.ഒ ഉടൻ സ്ഥലം സന്ദർശിക്കണം. ആർ. ആർടി സേവനം പ്രദേശത്ത് നിലനിർത്തണം. സോളാർ വേലി നിർമിച്ച് കർഷകരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ആർ.ജെ.ഡി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് പീടികപാറയിൽ ജനകീയ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ആർ.ജെ.ഡി നേതാക്കൾ സ്ഥലം സന്ദർശിച്ചു. കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ വനാതിർത്തിയും ഹാംഗിങ് സോളാർ വേലി ഉടൻ പൂർത്തീകരിക്കണമെന്ന് കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജീപ്പ് തകർക്കപ്പെട്ട കർഷകന്റെ വീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിനൊപ്പം കർഷകസംഘം ഏരിയ കമ്മിറ്റിയംഗങ്ങളായ ജെമീഷ് ഇളംതുരുത്തിയിൽ, ജിജി കട്ടക്കയം, കൂമ്പാറ മേഖല പ്രസിഡന്റ് ബാബു വരിക്കമാക്കൽ, ഷാജി വാഴപ്പിള്ളി എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

