പൊലീസ് സ്റ്റേഷനിൽനിന്ന് മണ്ണുമാന്തി യന്ത്രം കടത്തിയ സംഭവം; എസ്.ഐയെ പ്രതിചേർത്തു
text_fieldsമുക്കം: മുക്കം പൊലീസ് സ്റ്റേഷനിൽനിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷനിലായിരുന്ന എസ്.ഐ ടി.ടി. നൗഷാദിനെ കേസിൽ പ്രതിചേർത്തു. ഇതോടെ നൗഷാദിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടേക്കും. അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് നടപടി.
അതേ സമയം, കേസ് ക്രൈം ഡിറ്റാച്ച്മെന്റ് ഏറ്റെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണ ചുമതലയുള്ള ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പ്രമോദ്, സ്റ്റേഷനിൽനിന്ന് മണ്ണുമാന്തി യന്ത്രം കടത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികളുടെയും മൊഴിയെടുത്തു. ചൊവ്വാഴ്ച രാവിലെ മുക്കം പൊലീസ് സ്റ്റേഷനിലെത്തിയ സാക്ഷികളുടെ മൊഴിയും പൊലീസ് തയാറാക്കിയ റിപ്പോർട്ടുകളും പരിശോധിച്ചു. അന്വേഷണത്തിന്റെ പ്രാഥമിക നടപടികൾ മാത്രമാണ് ആരംഭിച്ചതെന്നും എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുമെന്നും ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പ്രമോദ് പറഞ്ഞു.
അതേ സമയം, കേസിലെ പ്രധാന പ്രതിയായ ബഷീറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ താമരശ്ശേരി കോടതി ബുധനാഴ്ച വിധി പറയും. കേസിലെ മറ്റു പ്രതികളായ ആറു പേർ മുക്കം സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ ബഷീർ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ തേടി പല തവണ മുക്കം ഇൻസ്പെക്ടർ സുമിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബഷീറിന്റെ വീട്ടിലും ബന്ധുവീടുകളിലും എത്തിയെങ്കിലും പിടികൂടാനായില്ല.
പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയതിനാൽ ലൊക്കേഷൻ തിരിച്ചറിയാൻ സാധിക്കാതിരുന്നതാണ് വെല്ലുവിളിയായത്. ബഷീറാണ് കേസിന്റെ സൂത്രധാരൻ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നൗഷാദിനെ കേസിൽ പ്രതി ചേർത്ത പശ്ചാത്തലത്തിൽ അന്വേഷണ ചുമതലയിൽനിന്ന് മുക്കം ഇൻസ്പെക്ടർ സുമിത് കുമാറിനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.