വിദ്യാർഥിനിയെ ലഹരിസംഘം കണ്ണിയാക്കിയ സംഭവം: കേസ് പത്തുപേർക്കെതിരെ; ആറുപേരെ തിരിച്ചറിഞ്ഞു
text_fieldsകോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ ലഹരിക്കടിമയാക്കി മയക്കുമരുന്ന് കാരിയറും വിൽപനക്കാരിയുമാക്കിയെന്ന പരാതിയിൽ പൊലീസ് വിശദാന്വേഷണം തുടങ്ങി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പത്തു പ്രതികളാണുള്ളത്.
ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അവശേഷിച്ചവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളിൽ രണ്ടുപേർ കുട്ടിയുടെ നാട്ടിൽതന്നെയുള്ളവരാണ്. സംഘം സമാന രീതിയിൽ വേറെയും വിദ്യാർഥികളെ ലഹരിക്കടത്തിനും വ്യാപാരത്തിനും ഉപയോഗിച്ചോ എന്നും പരിശോധിക്കുന്നുണ്ട്.
സൈബർ സെല്ലിന്റെയടക്കം സഹായത്തോടെ ഡിജിറ്റൽ തെളിവുകളുൾപ്പെടെ ശേഖരിച്ചാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, ലഹരിസംഘവുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ നശിപ്പിക്കപ്പെട്ടു എന്നാണ് വിദ്യാർഥിയുടെ മൊഴി. ജുവനൈൽ ജസ്റ്റിസ് ആക്റ്റ്, എൻ.ടി.പി.എസ് ആക്റ്റ്, കേരള പൊലീസ് ആക്റ്റ് എന്നിവ പ്രകാരമാണ് കേസ്.
മെഡിക്കൽ കോളജ് പൊലീസ് സംഘം കുട്ടിയിൽനിന്നും മാതാവിൽനിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. സ്കൂൾ അധികൃതർ, സഹപാഠികൾ ഉൾപ്പെടെയുള്ളവരിൽനിന്നും വരും ദിവസം ഇനി വിവരം ശേഖരിക്കും. സ്കൂളിലെ സഹപാഠികളടക്കമുള്ളവർക്ക് ലഹരിവസ്തു കൈമാറിയെന്ന് കുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യങ്ങളിലാണ് പൊലീസ് വ്യക്തത വരുത്തുക. ലഹരിസംഘം കുട്ടിയുമായി ആദ്യം ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയായതിനാൽ സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകൾ സൈബർ സെൽ നിരീക്ഷിക്കുന്നുണ്ട്. സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശ പ്രകാശം നാർക്കോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലു അടക്കം പത്തുപേരുടെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
രക്ഷിതാക്കൾ വേർപിരിഞ്ഞതോടെ മാതാവിനൊപ്പം താമസിക്കുന്ന പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിന് വാങ്ങിനൽകിയ മൊബൈൽ ഫോൺ വഴി ഇൻസ്റ്റഗ്രാമിലൂടെയാണ് ലഹരിസംഘവുമായി ബന്ധമുണ്ടാകുന്നത്. ‘റോയൽ ഡ്രഗ്സ്’ എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലുള്ളവരാണ് തന്നെ എം.ഡി.എം.എ അടക്കമുള്ള ലഹരിക്ക് അടിമയാക്കിയത് എന്നാണ് വിദ്യാർഥിയുടെ മൊഴി. പിന്നാലെ ലഹരിക്കടത്തിനും വിൽപനക്കുമടക്കം സംഘം ഉപയോഗിച്ചു.
നാലുമാസം മുമ്പ് കുട്ടിയുടെ ഇരുകൈകളിലും ബ്ലേഡുകൊണ്ട് വരഞ്ഞ പാടുകൾ കണ്ടെത്തുകയും പെരുമാറ്റത്തിൽ പൊരുത്തക്കേടുണ്ടാവുകയും ചെയ്തതോടെയാണ് ലഹരിയുടെ സൂചന ലഭിച്ചത്.
പിന്നാലെ കൗൺസലിങ് നൽകുകയും ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിനിടെ പിതാവ് താമസിക്കുന്ന ബംഗളൂരുവിലേക്ക് പോയ കുട്ടിയെ അവിടെനിന്നും ലഹരിസംഘം ബന്ധപ്പെട്ട് കാരിയറാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ബാലാവകാശ കമീഷൻ പൊലീസിനോട് റിപ്പോർട്ട് തേടുകയും ജില്ല ശിശുസംരക്ഷണ ഓഫിസർ സ്വന്തം നിലയിൽ അന്വേഷണമാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പരാതി പറഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിൽ വിമർശനം
കോഴിക്കോട്: ലഹരി ഇടപാടിന്റെയും ലഹരിവസ്തു കുട്ടിയുടെ കൈയിലെത്തിയതിന്റെയും വിവരങ്ങൾ അറിയിച്ചിട്ടും മെഡിക്കൽ കോളജ് പൊലീസ് നടപടി സ്വീകരിക്കാഞ്ഞത് വിമർശനങ്ങൾക്കിടയാക്കുന്നു. നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ കുട്ടിയുടെ ബാഗിൽനിന്ന് മൂന്നുമാസം മുമ്പ് ലഹരിവസ്തുക്കൾ കിട്ടിയതോടെ കുട്ടിയുടെ മാതാവും നാട്ടിലെ സാമൂഹിക പ്രവർത്തകയും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ പറഞ്ഞിരുന്നു.
എന്നാൽ, പൊലീസ് വേണ്ടത്ര ജാഗ്രത പുലർത്തുകയോ കേസെടുക്കുകയോ ചെയ്തില്ല. കുട്ടിയുടെ ബാഗിൽനിന്ന് ലഭിച്ച ലഹരി സ്റ്റാമ്പ് സഹിതമായിരുന്നു ബന്ധപ്പെട്ടവർ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവരെ വീട്ടിലേക്ക് മടക്കി അയച്ചതിനുപിന്നാലെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയും കുടുംബത്തെ ഉപദേശിക്കുകയും ഇതൊന്നും പുറത്തുപറയേണ്ടെന്ന് അറിയിക്കുകയുമായിരുന്നുവത്രെ.
വിവരം അറിയിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് വലിയ വീഴ്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല, പൊലീസിന്റെ ഇത്തരം നിലപാടുകളാണ് ലഹരിസംഘങ്ങൾക്ക് വിദ്യാർഥികളെയടക്കം കണ്ണിചേർക്കാൻ സഹായമാകുന്നതെന്നുമാണ് പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.