കെ.എസ്.യുക്കാരന്റെ കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ച സംഭവം: ഡി.സി.പിക്കെതിരെ പ്രതിഷേധം
text_fieldsകോഴിക്കോട്: നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകന്റെ കഴുത്ത് കൈമുട്ടിനുള്ളിൽ കുരുക്കി ശ്വാസംമുട്ടിച്ച ഡെപ്യൂട്ടി പൊലീസ് കമീഷണർക്കെതിരെ പ്രതിഷേധം കനക്കുന്നു. സിറ്റി പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള ഡി.സി.പി കെ.ഇ. ബൈജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നുമാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആവശ്യം.
സംഭവത്തിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും കെ.എസ്.യുവും നിയമ, സമര പോരാട്ടം ആരംഭിച്ചു. ഡി.സി.പിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ് വിദ്യാർഥിയും കെ.എസ്.യു യൂനിറ്റ് പ്രസിഡന്റുമായ ജോയൽ ആന്റണിയുടെ കഴുത്താണ് ഡി.സി.പി മുറുക്കിയത്.
കോഴിക്കോട്ടെ നവകേരള സദസ്സിന്റെ രണ്ടാം ദിനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ ജോയൽ ആന്റണി, കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ് അടക്കമുള്ളവർക്കെതിരെ എരഞ്ഞിപ്പാലത്തുനിന്നായിരുന്നു പൊലീസ് നടപടി.
ജോയൽ ആന്റണിക്ക് ശ്വാസംപോലും ലഭിക്കാത്ത തരത്തിൽ കെ.ഇ. ബൈജു കഴുത്തിൽ മുറുക്കിപ്പിടിക്കുന്നചിത്രം പത്രങ്ങളിൽ വന്നതോടെ നിരവധി പേർ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് പൊലീസിനെതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്.
ഉമിനീരുപോലും ഇറക്കാൻ കഴിയാത്ത തരത്തിൽ തൊണ്ടവേദന അനുഭവപ്പെട്ട ജോയൽ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ ഡി.സി.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് അരുൺ കുമാർ മിശ്രക്കും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനും പരാതി നൽകിയിട്ടുണ്ട്. ഡി.സി.പിക്കെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ബുധനാഴ്ച രാവിലെ പത്തിന് സിറ്റി പൊലീസ് മേധാവി ഓഫിസിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

