തെരഞ്ഞെടുപ്പ് ഫയലുകൾ കാണാതായ സംഭവം ഗൗരവകരം
text_fieldsകൊടുവള്ളി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കൊടുവള്ളി നഗരസഭയിൽനിന്ന് കാണാതായ സംഭവം ഗൗരവമേറിയതെന്ന് വോട്ടർമാർ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പാണ് നഗരസഭ സെക്രട്ടറി വി.എസ്. മനോജ് ഓഫിസിൽനിന്ന് ഫയലുകളുമായി കടന്നുകളഞ്ഞത്. ഈ ഫയലുകൾ ആരുടെ സ്വാധീനത്തിനു വഴങ്ങിയാണ് കടത്തിക്കൊണ്ടുപോയതെന്നും എവിടെയാണ് ഇവ സൂക്ഷിച്ചിരിക്കുന്നതെന്നും ഇവ കണ്ടെത്തി പരാതികളിൽ തീർപ്പുണ്ടാക്കണമെന്നും വോട്ടർമാർ ആവശ്യപ്പെടുന്നു.
കൂട്ടത്തോടെ വോട്ട് തള്ളിയത് ശ്രദ്ധയിൽപ്പെട്ടത് മുതൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ടർ പട്ടിക അട്ടിമറിച്ചതായി യു.ഡി.എഫ് ആരോപിച്ച് രംഗത്തുവന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്നതിലേക്കാണ് ശനിയാഴ്ച നഗരസഭ അസി. സെക്രട്ടറി പി. സിന്ദു തദ്ദേശ ഡെപ്യൂട്ടി ഡയറക്ടർക്ക് നഗരസഭ ഓഫിസിൽ ഫയലുകൾ കാണാനില്ലെന്ന മറുപടി നൽകിയതിലൂടെ വ്യക്തമായത്. ജില്ല കലക്ടർക്ക് വോട്ട് നഷ്ടപ്പെട്ട 300ഓളം വോട്ടർമാരും നഗരസഭ ചെയർമാനും പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ മൂന്നു ദിവസത്തിനകം റിപ്പോർട്ടർ നൽകാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
മറുപടി കിട്ടാതായതോടെയാണ് ശനിയാഴ്ച ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസും സീനിയർ സൂപ്രണ്ട് യു.കെ. രാജനും നഗരസഭയിലെത്തി ഓഫിസ് രേഖകൾ പരിശോധിക്കുകയും അസി. സെക്രട്ടറി പി. സിന്ദുവിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തത്. ഫയലുകൾ ഓഫിസിലില്ലെന്ന് അസി. സെക്രട്ടറി രേഖാമൂലം എഴുതിനൽകുകയും അതിൽ ഡെപ്യൂട്ടി ഡയറക്ടർ ഒപ്പുവെച്ച് ജില്ല കലക്ടർക്ക് സമർപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇലക്ഷൻ കമീഷൻ സെക്രട്ടറിയെ സ്ഥലംമാറ്റാനും തുടർനടപടികൾ സ്വീകരിക്കാനും തദ്ദേശ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. എന്നാൽ, തദ്ദേശ വകുപ്പ് ഇതുവരെയും നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

