അതിജീവിതക്കൊപ്പം നിന്ന ഹെഡ് നഴ്സിന് ഭീഷണി; പരാതി ഉന്നത നേതാവിനെതിരെ
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിൽ പുരുഷ അറ്റൻഡറുടെ പീഡനത്തിനിരയായ യുവതിക്കുവേണ്ടി നിലകൊണ്ട സീനിയർ നഴ്സിങ് ഓഫിസറെ സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണി മുഴക്കിയത് ഭരണാനുകൂല സംഘടനയുടെ ഉയർന്ന നേതാവെന്ന് പരാതി. നഴ്സ് നേതാവിനെതിരെ പേരുവെച്ചാണ് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്.
നഴ്സിനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം തുടരുകയാണെന്ന് കേരള ഗവ. നഴ്സസ് യൂനിയൻ നേതാക്കൾ പറഞ്ഞു. ഹെഡ് നഴ്സിന്റെ പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഗവ. നഴ്സസ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേസിൽ പ്രതിയായ ശശീന്ദ്രനോട് രോഷാകുലയാവുകയും യുവതിയുടെ പരാതി ഡോക്ടറെ അറിയിക്കുകയും ചെയ്തത് സീനിയർ നഴ്സിങ് ഓഫിസർ ആയിരുന്നു.
ഇരയുടെ മൊഴി മാറ്റാൻ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ ആറു വനിത ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടായിരുന്നു. അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർ ഒളിവിലാണ്.
പലരും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെ വനിത ജീവനക്കാരുടെ വീടുകളിൽ പൊലീസ് സന്നാഹമെത്തിയിരുന്നു. ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. അന്വേഷണം ഊർജിതമാണെന്ന് അസി. കമീഷണർ കെ. സുദർശൻ പറഞ്ഞു. അതേസമയം, എൻ.ജി.ഒ യൂനിയൻ നേതാക്കൾ ഹെഡ് നഴ്സിനെ ഭീഷണിപ്പെടുത്തിയെന്ന രീതിയിൽ നടക്കുന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് കോഴിക്കോട് ജില്ല കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മെഡി. കോളജിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെ എൻ.ജി.ഒ യൂനിയനുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്. സർവിസ് ചട്ടങ്ങൾ ലംഘിച്ച് വ്യാജ പരാതി മാധ്യമങ്ങൾക്ക് നൽകിയ ഹെഡ് നഴ്സിനെതിരെ നടപടി സ്വീകരിക്കണം.
കേരളത്തിലെ ആരോഗ്യമേഖലയിലെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാൻ പ്രതിപക്ഷ സംഘടനകൾ ബോധപൂർവം ശ്രമിക്കുകയാണ് എന്ന് എൻ.ജി.ഒ യൂനിയൻ കുറ്റപ്പെടുത്തി.
നഴ്സിന്റെ പരാതി ആഭ്യന്തരതലത്തിൽ അന്വേഷിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഇ.വി. ഗോപി മാധ്യമത്തോടു പറഞ്ഞു. പരാതി പൊലീസിന് കൈമാറിയിട്ടില്ല. തിങ്കളാഴ്ച ഇതു സംബന്ധിച്ച് ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.