കാപ്പ ചുമത്തി നാടുകടത്തിയ യുവാവും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയിൽ
text_fieldsസുൽത്താൻ നൂർ, മുഹമ്മദ് അജ്മൽ, ഖലീഫ നൂർ
കോഴിക്കോട്: പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ യുവാവും കൂട്ടാളിയും എം.ഡി.എം.എയുമായി പിടിയിൽ. നിരവധി അടിപിടി-ഭവനഭേദന കേസുകളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടതിനെ തുടർന്ന് കാപ്പ ചുമത്തി നാടുകടത്തിയ ചെറുവണ്ണൂർ പാറക്കണ്ടി ഹൗസിൽ സുൽത്താൻ നൂർ (23), സുഹൃത്ത് കീഴ്വനപ്പാടം ഫാത്തിമ മൻസിൽ മുഹമ്മദ് അജ്മൽ (22) എന്നിവരെയാണ് നല്ലളം പൊലീസ് പിടികൂടിയത്.
കാപ്പ ചുമത്തി കഴിഞ്ഞ ഏപ്രിലിലാണ് സുൽത്താൻ നൂറിനെ ഒരു വർഷത്തേക്ക് നാടുകടത്തിയത്. സുൽത്താൻ നൂർ ഉത്തരവ് ലംഘിച്ച് നാട്ടിൽ വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുവണ്ണൂരിലെ വീട്ടിൽ നല്ലളം പൊലീസ് നടത്തിയ പരിശോധനയിൽ 34.415 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
ഫറോക്ക് ക്രൈം സ്ക്വാഡ്, സിറ്റി ഡൻസാഫ് സംഘം, നല്ലളം പൊലീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. സുൽത്താൻ നൂർ നാട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് പ്രതിയുടെ വീടും പരിസരവും നിരീക്ഷിക്കുന്നതിനായി ചെറുവണ്ണൂർ കരുണ ആശുപത്രിക്ക് സമീപമെത്തിയ ഫറോക്ക് എ.സി.പിയുടെ കീഴിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ വിനോദ്, മധുസൂദനൻ എന്നിവരെ സുൽത്താൻ നൂറിന്റെ സഹോദരൻ ഖലീഫ നൂർ ആക്രമിക്കുകയും മാർബിൾ കഷണംകൊണ്ട് മുറിവേൽപിക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാർ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഖലീഫ നൂറിനെതിരേ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പരിക്കേൽപിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ നല്ലളം സ്റ്റേഷനിൽ മയക്കുമരുന്ന് കേസ് നിലവിലുണ്ട്.
സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺകുമാർ, എസ്.സി.പി.ഒമാരായ മധു, അനൂജ്, വിനോദ്, സനീഷ്, സുബീഷ്, അഖിൽ ബാബു എന്നിവരും ഡൻസാഫ് സംഘവും സംയുക്തമായ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. നല്ലളം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സജിത് കുമാർ, രതീഷ്, സി.പി.ഒ രജിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

