നഗരത്തിലെ ആദ്യ മേൽപാലം അവഗണനയിൽ
text_fieldsകോഴിക്കോട്: നഗരത്തിലെ ആദ്യ മേൽപാലം അവഗണനയിൽ. റെയിൽവേ സ്റ്റേഷന് തൊട്ടടുത്തായുള്ള മേൽപാലമാണ് വർഷങ്ങളായി അവഗണനയിലുള്ളത്. പാലത്തിൽ ഇരുവശത്തും നടപ്പാതകളുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്തേത് പൂർണമായും കാടുമൂടിയ നിലയിലാണ്. മാത്രമല്ല, വർഷങ്ങൾക്ക് മുമ്പ് ഇറക്കിവെച്ച വലിയ പൈപ്പുകൾ ഇവിടെ നിന്നും മാറ്റാത്തത് കാൽനടക്കാർക്കും തടസ്സമാകുന്നു. ഇതോടെ യാത്രക്കാർ താരതമ്യേന വീതിക്കുറവുള്ള റോഡിലിറങ്ങി നടക്കുകയാണ്. ഇത് വാഹനങ്ങൾക്കും പ്രായാസം സൃഷ്ടിക്കുന്നു. നടപ്പാതയിലെ കാടുമൂടിയ ഭാഗത്ത് മാലിന്യ നിക്ഷേപവും ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ദുർഗന്ധവും വമിക്കുന്നു. പാലത്തിലെ ലൈറ്റ് തൂണുകൾ പലതും കാലപ്പഴക്കത്താൽ നിലംപൊത്തി.
റെയിൽവേ ഭൂമിയിൽനിന്നുള്ള കാടുകളും വള്ളികളും പാലത്തിന്റെ കൈവരിയിലേക്ക് പടർന്ന നിലയിലാണ്. വേണ്ടത്ര തെരുവ് വിളക്കുകളില്ലാത്തതിനാൽ രാത്രിസമയങ്ങളിൽ മദ്യ-മയക്കുമരുന്ന് സംഘങ്ങളും ഇവിടം താവളമാക്കുന്നതായി പരാതിയുണ്ട്. റെയിൽവേ ഭൂമിയിൽനിന്ന് പാലത്തിന്റെ കൈവരിയോടുചേർന്ന കാടുകളിൽ പലതും വൻവൃക്ഷങ്ങളായി വളർന്നിട്ടുണ്ട്. ഇത് പാലത്തിന്റെ കെട്ടുറപ്പിന് തന്നെ ഭീഷണിയാണ്.
നടപ്പാതയിലെ ടൈലുകൾ പൂർണമായും ഇളകിമാറിയ നിലയിലാണ്. വലിയങ്ങാടി, തെക്കേപ്പുറം, റെയിൽവേ സ്റ്റേഷൻ, കടപ്പുറം എന്നിവിടങ്ങളിലേക്ക് നിരവധി വാഹനങ്ങളും ആളുകളും പോകുന്ന വഴിയാണിത്. 1963 ജൂൺ നാലിന് അന്നത്തെ ഗവർണർ വി.വി. ഗിരിയാണ് ജില്ലയിലെ ആദ്യ മേൽപാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്.
ഇതിനുശേഷമാണ് ഫ്രാൻസിസ് റോഡിലും മൂന്നാം ഗേറ്റിലും അഞ്ചാംഗേറ്റിലും മാവൂർ റോഡിലും ബൈപാസിലുമടക്കം മേൽപാലങ്ങൾ വന്നത്. റെയിൽവേ ലൈനിന്റെ വൈദ്യുതീകരണ വേളയിൽ പാലത്തിന്റെ ഭാഗത്ത് വേണ്ടത്ര ഉയരമില്ലെന്ന് കണ്ടെത്തിയതോടെ ആധുനിക സംവിധാനങ്ങളുപയോഗിച്ച് പാലം ഉയർത്തിയിരുന്നു. സമീപത്തെ റോഡിൽനിന്ന് പാലത്തിലേക്ക് കയറാൻ ഒരുഭാഗത്ത് പടികൾ നിർമിക്കുകയും ഈ ഭാഗം നേരത്തെ മനോഹരമാക്കുകയും ചെയ്തിരുന്നു.
അടുത്തിടെ പാലത്തിന്റെ റോഡിനോട് ചേർന്നുള്ള അലങ്കാരഭിത്തി പെയിന്റടിക്കുകയും ചെയ്തിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റു പ്രവർത്തനങ്ങളൊന്നും നടന്നില്ലെന്നും ചരിത്രപ്രാധാന്യമുള്ള പാലത്തിൽ മതിയായ അറ്റകുറ്റപ്പണ്ണി നടത്തി സംരക്ഷിക്കണമെന്നുമാണ് പ്രദേശത്തെ വ്യാപാരികൾ ആവശ്യപ്പെടുന്നത്.
മാവൂർ റോഡിലെ അരയിടത്തുപാലം മേൽപാലം, ഫറോക്ക്, കോരപ്പുഴ പാലം എന്നിവ നവീകരിക്കുമ്പോൾ ആദ്യ മേൽപാലവും നവീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. അതേസമയം, പാലം നവീകരിക്കണമെന്നാവശ്യപ്പെട്ട് വലിയങ്ങാടി വാടിയിൽ റസിഡന്റ്സ് അസോസിയേഷൻ മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എം.കെ. രാഘവൻ എം.പി അടക്കമുള്ളവർക്ക് നൽകിയ നിവേദനങ്ങളിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.