ആളൊഴുക്ക് തുടരുമ്പോഴും ആധുനികമാവാതെ മേഖല ശാസ്ത്രകേന്ദ്രം
text_fieldsകോഴിക്കോട്ടെ മേഖല ശാസ്ത്ര കേന്ദ്രം
കോഴിക്കോട്: മറ്റൊരു മധ്യ വേനലവധി കൂടി വന്നതോടെ കേന്ദ്ര സർക്കാറിന്റെ നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന് കീഴിലുള്ള 26 ശാസ്ത്രകേന്ദ്രങ്ങളിൽ കേരളത്തിലുള്ള ഏക കേന്ദ്രമായ കോഴിക്കോട് മേഖല ശാസ്ത്രകേന്ദ്രത്തിലേക്ക് കാഴ്ചക്കാരുടെ ഒഴുക്ക് തുടങ്ങി. റമദാൻ വ്രതം കൂടി കഴിഞ്ഞാൽ വൻ തിരക്കാണ് കേന്ദ്രത്തിൽ പ്രതീക്ഷിക്കുന്നത്. 1997ജനുവരി 30ന് മുഖ്യമന്ത്രി ഇ.കെ. നായനാർ 5.6 ഏക്കർ സ്ഥലത്ത് തുറന്നു കൊടുത്തശേഷം 90 ലക്ഷത്തോളം പേർ കേന്ദ്രത്തിലെത്തിയെന്നാണ് കണക്ക്. കോവിഡിന് ശേഷം കാഴ്ചക്കാരിൽ നല്ല വർധനയുണ്ട്. ആളും വരുമാനവും കൂടുമ്പോഴും അത്യാവശ്യമായ ആധുനികവത്കരണം കേന്ദ്രത്തിൽ നടക്കുന്നില്ലെന്ന് പരാതിയുണ്ട്. പ്ലാനറ്റേറിയത്തിന് ഓരോ ദിവസം കഴിയുന്തോറും കാഴ്ചകൾ മങ്ങി പുതുമ നശിക്കുകയാണെന്ന് സന്ദർശകർ പറയുന്നു. ശാസ്ത്രം അനുദിനം വളരുമ്പോഴും 2012 ൽ നവീകരിച്ച സംവിധാനമാണ് ഇപ്പോഴും കേന്ദ്രത്തിലുള്ളത്. ഇത് പുതുക്കേണ്ട കാലം അതിക്രമിച്ചു. 10 വർഷത്തിനിടക്കെങ്കിലും ഇത്തരം സംവിധാനങ്ങൾ മാറ്റാറുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങളും മറ്റും കാലഹരണപ്പെട്ടു. കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മൊബൈൽ പ്രദർശന സംവിധാനവും കാലഹരണപ്പെട്ടു.
നവീകരണത്തിന് പദ്ധതികൾ സമർപ്പിച്ചതായാണ് അധികൃതർ പറയുന്നത്. എന്നാൽ കാര്യങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു. ഈ നില തുടർന്നാൽ മെല്ലെ മെല്ലെ ആളുകൾ പ്ലാനറ്റേറിയം ഒഴിവാക്കി പോകാനുള്ള സാധ്യതയുണ്ട്. പ്ലാനറ്റേറിയം, ത്രീഡി തിയറ്റർ എന്നിവക്കൊപ്പം സമുദ്ര ഗാലറി, ജ്യോതിശാസ്ത്ര ഗാലറി, മിറർ മാജിക്, ഫൺ സയൻസ്, സയൻസ് പാർക്ക് എന്നീ പ്രദർശനങ്ങളും മേഖലാ ശാസ്ത്രകേന്ദ്രത്തിലുണ്ട്. പുരാതന കാലത്തെ മൃഗങ്ങളുടെ മാതൃകയുള്ള പ്രീ ഹിസ്റ്റോറിക് കോർണർ, ഓഡിറ്റോറിയം തുടങ്ങിയവയുമുണ്ട്. 70 രൂപയാണ് മൊത്തം കാണാനുള്ള പ്രവേശന ഫീസ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയെത്തുന്നവർക്ക് 35 രൂപ മതി. കോഴിക്കോട് കഴിഞ്ഞാൽ ബംഗളൂരു, ഗുൽബർഗ, തിരുനെൽവേലി, തിരുപ്പതി എന്നിവിടങ്ങളിലാണ് നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയത്തിന് കീഴിലുള്ള തൊട്ടടുത്തുള്ള മറ്റ് കേന്ദ്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

