ആദ്യ ‘കൗൺസിൽ’ പ്രഖ്യാപിച്ചു; സാഹിത്യ നഗരം പദ്ധതി കൂട്ടായ്മയിൽ നേടിയെടുക്കും
text_fieldsകോഴിക്കോട്: യുനെസ്കോ പൈതൃകനഗരം പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരം എന്ന പദവി കോഴിക്കോടിന് നേടിയെടുക്കുമെന്ന് കുട്ടികളുടെ ആദ്യ കൗൺസിൽ യോഗത്തിന്റെ പ്രഖ്യാപനം. കോർപറേഷൻ കൗൺസിൽ ഹാളിലാണ് വെള്ളിയാഴ്ച നഗരത്തിലെ 44 സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത 75 വിദ്യാർഥികളുടെ കൗൺസിൽ സംഘടിപ്പിച്ചത്. ഇവരിൽ ആദ്യ കൗൺസിൽ യോഗത്തിന് ഹാജരായ 68 പേരിൽനിന്ന് മേയറെയും ഡെപ്യൂട്ടി മേയറെയും വിവിധ സ്ഥിരം സമിതി അംഗങ്ങളെയും വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു.
മേയറുടേതടക്കം എല്ലാ ഇരിപ്പിടങ്ങളിലും സ്കൂൾ വിദ്യാർഥികളിരുന്ന് മുന്നോട്ടുപോയ യോഗത്തിന് ദൃക്സാക്ഷികളാകാൻ ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരും സന്ദർശക ഗാലറികളിലിരുന്നു. വോട്ടെടുപ്പിൽ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ നേന ഫെറനെ മേയറായി തെരഞ്ഞെടുത്തു. നേനക്ക് 40 വോട്ടും എതിരാളി മാളവികക്ക് 27 വോട്ടും കിട്ടി.
ഒരു വോട്ട് അസാധുവായി. നടക്കാവ് ഗേൾസ് എച്ച്.എസ്.എസിലെ സി.പി. അഭിരാമിയാണ് ഡെപ്യൂട്ടി മേയർ. അഭിരാമിക്ക് 38 വോട്ടും എതിരാളി ആരതിക്ക് 29 വോട്ടും കിട്ടിയപ്പോൾ ഒരുവോട്ട് അസാധുവായി. ബി.ഇ.എം ഹയർ സെക്കൻഡറിയിലെ കെ.എം. മാളവികയെ നികുതി അപ്പീൽകാര്യ സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുത്തു.
നയന എസ് (സെന്റ് വിൻസന്റ് കോളനി സ്കൂൾ -ക്ഷേമകാര്യം), ഹയ ഹാറൂൻ (മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ -വിദ്യാഭ്യാസം, കായികം), ആരതി വി. പ്രമോദ് (സെന്റ് മൈക്കിൾസ് ജി.എസ്.എസ് -മരാമത്ത്), കെ. ദ്രുപത് (സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് -ആരോഗ്യ സ്ഥിരം സമിതി), പി.ടി. അബ്ദുൽ നാഫിഅ് (ഹിമായത്തുൽ ഇസ്ലാം സ്കൂൾ -നഗരാസൂത്രണം), അർഥനശ്രീ (പറയഞ്ചേരി എച്ച്.എസ്.എസ് -വികസനകാര്യം) എന്നിവരാണ് മറ്റ് സ്ഥിരം സമിതി അധ്യക്ഷർ.
കുട്ടികളുടെ സെക്രട്ടറി പ്രോവിഡൻസ് സ്കൂളിലെ പാർവതി സൂര്യ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മേയറും ഡെപ്യൂട്ടി മേയറും സെക്രട്ടറിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. സാഹിത്യ നഗരമെന്ന പദവി കോഴിക്കോടിനാണ് ഏറ്റവും യോജിക്കുകയെന്ന് മേയർ നേന ഫെറൻ ചുമതലയേറ്റുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. വൈവിധ്യങ്ങളുടെ നഗരമാണ് കോഴിക്കോട്.
സത്യത്തിന്റെ നഗരമായ കോഴിക്കോട് എല്ലാ കലകളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും സാഹിത്യ നഗരപദവിക്കായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയാണെന്നും കുട്ടികളുടെ മേയർ പറഞ്ഞു. സ്കൂൾ സമയം നഷ്ടമാവാതെയാണ് വിദ്യാർഥികളുടെ കൗൺസിൽ മുന്നോട്ട് കൊണ്ടുപോവുകയെന്നും ഓരോ വർഷവും പുതിയ സ്റ്റുഡന്റ്സ് കൗൺസിൽ തെരഞ്ഞെടുക്കുമെന്നും മേയർ ഡോ. ബീന ഫിലിപ് ആശംസാപ്രസംഗത്തിൽ പറഞ്ഞു.
സാഹിത്യനഗരം യാഥാർഥ്യമായാൽ മറ്റു കാര്യങ്ങളും കുട്ടി കൗൺസിലിൽ ചർച്ചയാവും. വ്യക്തിയെപ്പറ്റി മാത്രം പറയാതെ സമൂഹത്തെ മുഴുവൻ ഉൾക്കൊള്ളാൻ വിദ്യാർഥി കൗൺസിൽ പോലുള്ളവകൊണ്ടാവുമെന്നും മേയർ ബീന ഫിലിപ് പറഞ്ഞു.
ആദ്യ മലയാള നോവലിസ്റ്റുകളായ അപ്പു നെടുങ്ങാടിയും ഒ. ചന്തു മേനോനും മുതൽ നവതി ആഘോഷിക്കുന്ന എം.ടി. വാസുദേവൻ നായർ വരെ കോഴിക്കോട്ട് സാഹിത്യരചന നടത്തിയവരാണെന്നും സാഹിത്യനഗരപദവി നേടാൻ ഒന്നിച്ചു നീങ്ങണമെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.